കോവാക്‌സിനുള്ള ഡബ്ല്യൂ എച്ച് ഒ അംഗീകാരം വൈകുന്നു

 

ജനീവ: ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ എച്ച് ഒ)യുടെ അംഗീകാരം ലഭിക്കുന്നത് വൈകുന്നു. വാക്‌സിന്‍അടിയന്തരമായി ഉപയോഗിക്കുന്നത് അംഗീകാരം നല്‍കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഡബ്ല്യൂ എച്ച് ഒ. ഇത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശ സമിതി കോവാക്സിന്‍ ഉത്പാദകരായ ഭാരത് ബയോടെക്കിനെ നിലപാട് അറിയിച്ചിരിക്കുകയാണ്. കോവാക്സിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി സാങ്കേതിക ഉപദേശ സമിതി നവംബര്‍ മൂന്നിന് വീണ്ടും യോഗം ചേരുമെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ ട്വീറ്റിലൂടെ അറിയിച്ചു.

ഇന്നത്തെ യോഗത്തില്‍ കോവാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശപ്രകാരം ഭാരത് ബയോടെക്കില്‍ കൂടുതല്‍ രേഖകളും പരീക്ഷണ റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചെങ്കിലും പരിശോധനയില്‍ സംഘടനാ സമിതിക്ക് കാര്യങ്ങള്‍ തൃപ്തികരമായില്ല.

പുതിയതോ ലൈസന്‍സില്ലാത്തതോ ആയ ഉല്‍പന്നം പൊതുജനാരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന അനുമതി നല്‍കുന്നതിന്റെ പ്രധാന ഘട്ടമാണ് അടിയന്തര ഉപയോഗാനുമതി പട്ടികയില്‍ (ഇ യു എല്‍) ഉള്‍പ്പെടുത്തുകയെന്നത്. അടുത്ത യോഗത്തില്‍ അടിയന്തര ഉപയോഗാനുമതി നല്‍കുമെന്നാണു കരുതുന്നത്.