15 കാരന്റെ ആക്രമണം; വിദ്യാര്‍ത്ഥിനി ഓടിരക്ഷപ്പെട്ടതിനാല്‍ മാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയത്

 

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിക്ക് സമീപം 15 കാരന്റെ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിനിക്ക് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം ഒന്നുകൊണ്ട് മാത്രം. പെണ്‍കുട്ടി പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടില്ലായിരുന്നുവെങ്കില്‍ ജീവന്‍ നഷ്ടമാകുമായിരുന്നു. നടുക്കുന്ന ആ ഓര്‍മകളില്‍ നിന്ന് വിദ്യാര്‍ത്ഥിനി ഇപ്പോഴും മുക്തമായിട്ടില്ല. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ നടന്ന സംഭവം കൊണ്ടോട്ടി പ്രദേശത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

കൊണ്ടോട്ടിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു പെണ്‍കുട്ടി പഠിച്ചിരുന്നത്. ക്ലാസിലേയ്ക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഉച്ചക്ക് ശേഷമാണ് ക്ലാസ്. അങ്ങാടിയില്‍ നിന്ന് ബസ് കയറാനായാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നൂറ് മീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയെ പ്രതി ആക്രമിച്ചത്.

വീട്ടില്‍ നിന്നിറങ്ങി അല്‍പം കഴിഞ്ഞയുടന്‍ തന്നെ പ്രതി പെണ്‍കുട്ടിയെ പിന്തുടര്‍ന്നിരുന്നതായി സൂചനയുണ്ട്. വ്യാപകമായി വാഴകൃഷിയുള്ള വയല്‍ പ്രദേശമാണിത്. ഈ വയലിലേയ്ക്കാണ് 15കാരന്‍ വിദ്യാര്‍ത്ഥിനിയെ വലിച്ചുകൊണ്ടുപോയത്. ഉച്ച സമയമായതിനാല്‍ കൃഷി ചെയ്യുന്നവരും വഴിയില്‍ കാല്‍നടയാത്രക്കാരും ഇല്ലായിരുന്നു.

വിദ്യാര്‍ത്ഥിനിയെ കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രാണരക്ഷാര്‍ഥം അടുത്ത വീട്ടിലേക്ക് ഓടിക്കയറിയത്. ഓടിക്കയറിയ വീട്ടിലുള്ളവരാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. വസ്ത്രത്തില്‍ നിറയെ ചളിയായതിനാല്‍ വസ്ത്രം മാറ്റിയയുടന്‍ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവം നടന്ന പ്രദേശത്തിന് ഏതാനും മീറ്ററുകള്‍ മാറിയാണ് പ്രതിയുടെ വീട്. സംഭവത്തിന് അല്‍പസമയം മുമ്പ് പ്രതി പ്രദേശം നിരീക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് ദേശീയപാതക്ക് സമീപമുള്ള സ്ഥാപനത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞത്. നേരത്തെ തന്നെ പ്രതി ഇത് ആസൂത്രണം ചെയ്തിരുന്നെന്നാണ് പൊലീസ് പറയുന്നത്.