Headlines

ഓർത്തഡോക്സ്–യാക്കോബായ സഭാ തർക്കം: 6 പള്ളികളിലെ പൊലീസ് സംരക്ഷണം റദ്ദാക്കി ഹൈക്കോടതി

കൊച്ചി ∙ ഓർത്തോഡോക്സ്–യാക്കോബായ സഭാ തർക്കം നിലനിൽക്കുന്ന ആറ് പള്ളികളിൽ മതപരമായ ചടങ്ങുകൾ നടത്താൻ ഓർത്തഡോക്സ് സഭയിലെ വികാരിമാർക്കു പൊലീസ് സംരക്ഷണം നൽകാൻ നിർദേശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണു ഡോ.ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.സിവിൽ കോടതിയിൽ കൈവശാവകാശം ആദ്യം സ്ഥാപിക്കാതെ സംരക്ഷണം നൽകാൻ പൊലീസിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കാൻ ഒരാളെ അനുവദിക്കുന്നതു നടപടികളുടെ ദുരുപയോഗമാണെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവാണു ഹൈക്കോടതി ആധാരമാക്കിയത്. പള്ളി സ്വത്തിന്റെ അവകാശം സംബന്ധിച്ചു ഹർജിക്കാർക്ക് സിവിൽ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.സഭാ തർക്കം ചർച്ച ചെയ്തു പരിഹരിക്കാനുള്ള സർക്കാർ ശ്രമങ്ങൾ ഫലപ്രദമാകട്ടെയെന്നു ഹൈക്കോടതി പറഞ്ഞു.പൊലീസ് സംരക്ഷണം നൽകാൻ നിർദേശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ 2023 ജനുവരി 31ലെ ഉത്തരവിനെതിരെ നൽകിയ അപ്പീലാണ് അനുവദിച്ചത്. പാലക്കാട്ടെ ചെറുകുന്നം, എരിക്കിൻചിറ, മംഗലംഡാം, കൊല്ലത്തെ മുഖത്തല, എറണാകുളം ഓടക്കാലി, കാക്കൂർ ആട്ടിൻകുന്ന് എന്നീ പള്ളികളുമായി ബന്ധപ്പെട്ടായിരുന്നു അപ്പീൽ

∙ സർക്കാരിന് ഇടപെടാം

നിരന്തരമായി ക്രമസമാധാന പ്രശ്നമുണ്ടാകുന്ന പശ്ചാത്തലത്തിൽ വിഷയത്തിൽ സർക്കാരിന് ഇടപെടാവുന്നതാണെന്നു കോടതി പറഞ്ഞു. സഭാതർക്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു പരിഹരിക്കാൻ ശ്രമിക്കുന്നു എന്ന് സർക്കാർ അറിയിച്ചത് കോടതി രേഖപ്പെടുത്തി. ‌പൗരൻമാരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നത് ഒഴികെയുള്ള സാഹചര്യങ്ങളിൽ മതപരമായ വിഷയങ്ങളിൽ നിക്ഷ്പക്ഷത പാലിച്ചു ഇടപെടുന്നതിൽ നിയന്ത്രണം പാലിക്കുകയെന്നതിലാണു സർക്കാർ മുൻഗണന നൽകേണ്ടത്. എന്നാൽ പൊതുജനങ്ങളെ ബാധിക്കുന്ന രീതിയിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമ്പോൾ മധ്യസ്ഥതയിലൂടെ ഇടപെടേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തിൽ അവസാന ആശ്രയമെന്ന നിലയിൽ എക്സിക്യൂട്ടീവ് നടപടികളിലൂടെയോ നിയമനിർമാണത്തിലൂടെയോ ശാശ്വത സമാധാനവും സാമൂഹിക ക്രമവും ഉറപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നു കോടതി പറഞ്ഞു.കെ.എസ്.വർഗീസ് കേസിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണു ഹർജിക്കാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. ബന്ധപ്പെട്ട പള്ളികളുടെ മാനേജ്മെന്റ് സംബന്ധിച്ചാണു സുപ്രീം കോടതിയുടെ ഉത്തരവെന്നു ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.