Headlines

മിൽമ നെയ്യ് തിരിമറിയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് തെറ്റുപറ്റിയിട്ടുണ്ട്; റിപ്പോർട്ട് വന്ന ശേഷം നടപടി ഉണ്ടാകും, മന്ത്രി കെ മുരളീധരൻ

 

മിൽമയിൽ നിന്ന് ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതിലെ ക്രമക്കേടിൽ, നെയ്യ് കൊടുത്തവർക്കും വാങ്ങിയവർക്കും പങ്കുണ്ടെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ട്. ഉദ്യോഗസ്ഥർക്ക് പ്രഥമദൃഷ്ട്യ തെറ്റ് പറ്റിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം കമ്മീഷണറുടെ റിപ്പോർട്ടിന് ശേഷം ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു.

 

 

മിൽമ അഴിമതിയിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ ട്വന്റിഫോറിനോട് പറഞ്ഞു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും സഹായം ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.

 

തിരുവനന്തപുരം മേഖല യൂണിയനെ പിരിച്ചുവിട്ടതോടെയാണ് മിൽമയുടെ ക്രമക്കേടുകൾ ഓരോന്നായി പുറത്തുവരുന്നത്. ശബരിമലയിൽ നെയ്യ് നൽകിയതിലും ആന്ധ്രയിൽ നിന്ന് പാൽ എത്തിക്കാൻ ടാങ്കർ ലോറി ഏർപ്പെടുത്തിയതിലുമാണ് പ്രധാന ക്രമക്കേടാരോപണം.തിരുവനന്തപുരം മേഖല യൂണിയൻ ശബരിമലയിലേക്കുള്ള നെയ്യ് മറിച്ചുവിറ്റു എന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് ക്ഷീര വികസന വകുപ്പിന്റെ കണ്ടെത്തൽ.

 

നെയ്യ് വിൽപ്പനയിൽ വൻ ആസൂത്രണത്തോടെ ക്രമക്കേട് നടന്നുവെന്ന് ക്ഷീര വികസന വകുപ്പ് ഡയറക്ടർ നൽകിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.പത്തനംതിട്ടയിൽ നിന്ന് ഇ-ടെൻഡർ ആവശ്യപ്പെട്ടതും തിരുവനന്തപുരത്ത് ആസ്ഥാനത്തുനിന്ന് ശിപാർശ ചെയ്തതും ഒരു ഉദ്യോഗസ്ഥനാണ്. ഒരേ സമയം പത്തനംതിട്ടയിൽ യൂണിറ്റ് ഹെഡും തിരുവനന്തപുരത്ത് പ്രൊഡക്ഷൻ മാനേജറും ആയിരുന്ന ഷൈൻ ജോസഫ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് കണ്ടെത്തൽ. അംഗീകാരത്തിനായുള്ള ഇയാളുടെ ഇടപെടൽ ദുരൂഹമെന്ന് ക്ഷീരവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.ഇ ടെൻഡർ ഒഴിവാക്കി സീൽഡ് ടെൻഡർ കൊണ്ടുവന്നത് പ്രധാന ക്രമക്കേട്ടാണ്.

 

നെയ്യ് കടത്ത് കരാർ തയ്യാറാക്കിയത് മാർക്കറ്റിംഗ് വിഭാഗത്തെ മറികടന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി.തിരുവനന്തപുരം മേഖലാ യൂണിയനും പത്തനംതിട്ട ഭരണസമിതിയും ക്രമക്കേടിന് കൂട്ടു നിന്നു എന്നും റിപ്പോർട്ടിലുണ്ട്. ബാച്ച് നമ്പറിലെ തിരിമറി ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ പരിശോധന മറികടക്കാൻ എന്ന നിഗമനത്തിലാണ് ക്ഷീരവകുപ്പ്. ആരോപണം ഉയർന്ന സാഹചര്യത്തിൽ

ഇന്നലെ പത്തനംതിട്ട മിൽമ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു.