കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. പുരുഷന്മാരുടെ അറുപത് കിലോ ഭാരോദ്വഹനത്തില്‍ ഋഷികാന്ത സിംഗ് വെള്ളി നേടി. മണിപ്പൂരില്‍ നിന്നുള്ള 28-കാരന്‍ അവിസ്മരണീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. സ്നാച്ച് വിഭാഗത്തില്‍ ഋഷികാന്ത 116 കിലോയാണ് ആദ്യ ശ്രമത്തില്‍ ഉയര്‍ത്തിയത്. രണ്ടാം ശ്രമത്തില്‍ 119 കിലോയും മൂന്നാം ശ്രമത്തില്‍ 121 കിലോയും ഉയര്‍ത്തി. സ്നാച്ച് വിഭാഗത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ റെക്കോര്‍ഡാണിത്.
ഈ വിഭാഗത്തില്‍ മലേഷ്യയുടെ ബിന്‍ കസ്ദാന്‍ മുഹമ്മദ് അനിഖിനാണ് സ്വര്‍ണം. കെനിയയുടെ ജോഷ്വ അമുന്‍ഗ എംബോയയ്ക്കാണ് വെങ്കലം.
ഉത്തര്‍പ്രദേശിലെ മോദിനഗറിലാണ് ഋഷികാന്ത നിലവില്‍ ട്രെയിന്‍ ചെയ്യുന്നത്. ഇംഫാലിലെ നാഷണല്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലാണ് അദ്ദേഹം തന്റെ കായികയാത്ര ആരംഭിക്കുന്നത്. പിന്നീട് പൂനെയിലെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും പട്യാലയിലെ നാഷണല്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും എത്തി. ശേഷം ബള്‍ഗേറിയയിലെ നാഷണല്‍ സ്‌പോര്‍ട്‌സ് അക്കാദമി വാസില്‍ ലെവ്‌സ്‌കിയില്‍ ഉന്നത പരിശീലനം നേടി. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ആര്‍മിയേയും ഇന്ത്യയെയും പ്രതിനിധീകരിക്കുന്നു.






