ആദ്യ ഇമേജ് ജനറേഷൻ മോഡൽ പുറത്തിറക്കി മെറ്റ. മെറ്റാ സൂപ്പർ ഇന്റലിജൻസ് ലാബ്‌സ് വികസിപ്പിച്ചെടുത്ത ‘മ്യൂസ് ഇമേജ്’ എന്ന മോഡലാണ് മെറ്റ പുറത്തിറക്കിയിരിക്കുന്നത്. ഇമേജ് ജനറേഷൻ, ഇമേജ് എഡിറ്റിങ്, ഇമേജ് എൻഹാൻസ് എന്നിവ ഉൾപ്പെടെ ചെയ്യാൻ കഴിയുന്നതാണ് ഈ മോഡൽ. ജെമിനി, ചാറ്റ് ജിപിടി, ഗ്രോക്ക് തുടങ്ങിയ എഐ എതിരാളികളോട് മത്സരിക്കാൻ കഴിയുന്ന വിധത്തിലാണ് ഇമേജ് ജനറേഷൻ മോഡൽ എത്തുന്നത്.
മെറ്റാ എഐ ചാറ്റ്‌ബോട്ടിൽ സംയോജിപ്പിച്ചാണ് മ്യൂസ് ഇമേജ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. മ്യൂസ് ഇമേജ് ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്കായി 30-ലധികം പുതിയ AI ഇഫക്റ്റുകൾ നൽകുന്നുന. കൂടാതെ വാട്സ്ആപ്പിലെ മെറ്റാ AI-യുമായുള്ള നേരിട്ടുള്ള ചാറ്റുകളിൽ ഇമേജ് ജനറേഷൻ പ്രാപ്തമാക്കുകയും ചെയ്യും. തങ്ങളുടെ വീഡിയോ നിർമ്മാണ മോഡലായ ‘മ്യൂസ് വീഡിയോ’യുടെ ആദ്യകാല പ്രിവ്യൂവും കമ്പനി പ്രഖ്യാപിച്ചു.
തുടക്കത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചില രാജ്യങ്ങളിൽ മാത്രമാണ് സേവനം ലഭ്യമാകുക. മ്യൂസ് ഇമേജ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഫേസ്‌ബുക്ക്, മെസഞ്ചർ എന്നിവയിൽ അത് സംയോജിപ്പിക്കാനും പദ്ധതിയിടുന്നതായി മെറ്റ അറിയിച്ചു. മെറ്റാ എഐ ഉപയോഗിച്ചുള്ള മ്യൂസ് ഇമേജിന്റെ അടിസ്ഥാന ഉപയോഗം സൗജന്യമാണെങ്കിലും, മെറ്റായുടെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ വഴി കൂടുതൽ ഫീച്ചറുകൾ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.







