Headlines

എന്തൊരു ഉറപ്പാ! റോക്കറ്റ് വീണിട്ടും തകരാതെ ടെസ്ലയുടെ മോഡൽ‌ ‍വൈ

റോക്കറ്റിന്റെ ഒരു ഭാഗം വീണിട്ടും തകരാതെ നിൽ‌ക്കുന്ന ടെസ്ലയുടെ മോഡൽ വൈയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇസ്രയേലിൽ നിന്നുള്ള ചിത്രമാണ് വൈറലായത്. കഴിഞ്ഞമാസം 30ന് നടന്ന മിസൈൽ ആക്രമണത്തിലാണ് ടെസ്ലയുടെ 2024 മോഡൽ വൈയ്ക്ക് മുകളിലേക്ക് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. എന്നാൽ‌ ഈ സമയം കാർ ഡ്രൈവർ വാഹനത്തിനകത്ത് ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.

വാഹനത്തിന്റെ ഗ്ലാസ് റൂഫിലാണ് റോക്കറ്റ് അവശിഷ്ടം വീണത്. ഗ്ലാസ് റൂഫിൽ വലിയൊരു കുഴി രൂപപ്പെട്ടുവെങ്കിലും വാഹനം തകർന്നില്ലെന്ന് ഉടമ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ടെസ്ലയോടും ഇലോൺ മസ്കിനോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു വാഹന ഉടമയുടെ എക്സ് പോസ്റ്റ്. “ഒരു ടെസ്‌ല വെറുമൊരു കാർ മാത്രമല്ല – അത് യഥാർത്ഥ സുരക്ഷയും ആഴത്തിലുള്ള വിശ്വാസവുമാണ്” എക്സ് പോസ്റ്റിൽ‌ പറയുന്നു.

ശക്തമായ ഗ്ലാസ് മേൽക്കൂരയും ഗിഗാകാസ്റ്റ് ബോഡിയും മോഡൽ Y-യുടെ സവിശേഷതയാണ്. മോഡൽ Y-ക്ക് യൂറോ NCAP-യിൽ നിന്ന് അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ടെസ്‌ല മോഡൽ Y ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്, 59.89 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതലാണ് വില വരുന്നത്. മോഡൽ Y യുടെ സ്റ്റാൻഡേർഡ് പതിപ്പ് 500 കിലോമീറ്റർ വരെ WLTP റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കൂടാതെ 5.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. ലോംഗ് റേഞ്ച് വേരിയന്റിന് 622 കിലോമീറ്റർ WLTP- സാക്ഷ്യപ്പെടുത്തിയ റേഞ്ച് ഉണ്ട്, 5.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്നു. ഇതിന് 78.1 kWh ബാറ്ററി പായ്ക്ക് ഉണ്ട്.