അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ പുതിയ തട്ടിപ്പ് കണ്ടെത്തി അന്വേഷണസംഘം. വ്യാജ സംഭാവന രസീത് ഉപയോഗിച്ച് പ്രതികൾ പണം പിരിച്ചു. സംഭാവന നൽകിയ ഭക്തർക്ക് പ്രതികൾ നൽകിയത് വ്യാജ രസീതുകൾ. സംഭാവനകൾ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നുണ്ടെന്ന പ്രതീതി സൃഷ്ടിച്ചു എന്നും അന്വേഷണസംഘം കണ്ടെത്തി. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പേരിലുള്ള വ്യാജ രസീത് ബുക്ക് കണ്ടെത്തിയതായും വിവരം.
അയോദ്ധ്യാരാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പണം എണ്ണുന്നതിന്റെ ഉൾപ്പെടെ മേൽനോട്ട ചുമതലയുണ്ടായിരുന്ന അനിൽ മിശ്രയുടെ ശിപാർശ പ്രകാരമാണ് അറസ്റ്റിലായ ആറു പ്രതികൾക്കും ക്ഷേത്രത്തിൽ നിയമനം നൽകിയതെന്ന് എന്നാണ് വിവരം. അന്വേഷണസംഘം അനിൽ മിശ്രയെ വീണ്ടും ചോദ്യം ചെയ്തേക്കും.മൂന്നു കോടി രൂപ വരെ മോഷ്ടിച്ചതായി പ്രതികൾ അന്വേഷണ സംഘത്തോടെ സമ്മതിച്ചതായി വിവരം.
ജോലിയിൽ പ്രവേശിച്ച് രണ്ടുമാസം കഴിഞ്ഞപ്പോൾ തന്നെ ക്രമക്കേട് ആരംഭിച്ചതായും അന്വേഷണസംഘം കണ്ടെത്തി. റിമാൻഡിലായ ലവ് കുഷ് മിശ്ര കരുണേഷ് പാണ്ഡെ അനുകല്പ മിശ്ര എന്നിവരെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങി. വിശ്വസിച്ചവർ തന്നെ ചമ്പത് റായിയെ ചതിച്ചു എന്ന് ക്ഷേത്ര ട്രഷറർ ഗോവിന്ദ് ഗിരി പ്രതികരിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസും സമാസ് വാദി പാർട്ടിയും മാപ്പു പറയണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.
അതിനിട ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാന്റെ പഴ്സണൽ അസിസ്റ്റന്റ് പ്രമോദ് നൗട്ടിയാലിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചു.









