Headlines

വിവാദനിഴലിൽ രാമക്ഷേത്ര ട്രസ്റ്റ്; സ്വർണംപൂശിയ താളുകളുള്ള രാമചരിതമാനസ് കാണാതായി, യോഗം ഇന്ന്

 

അയോധ്യ∙ തന്റെ സമ്പാദ്യമത്രയും ചേർത്തുവച്ചു ശ്രീരാമക്ഷേത്രത്തിൽ സമർപ്പിച്ച സ്വർണംപൂശിയ താളുകളുള്ള രാമചരിതമാനസ് ഗ്രന്ഥം അപ്രത്യക്ഷമായെന്ന് മുൻ ആഭ്യന്തരസെക്രട്ടറി എസ്. ലക്ഷ്മിനാരായണൻ. അമ്മയുടെ സ്വർണം ഉൾപ്പെടെ ഉപയോഗിച്ച് തമിഴ്‌നാട്ടിലെ ജ്വല്ലറിയിലായിരുന്നു ഗ്രന്ഥം തയാറാക്കിയത്. 5 കോടി രൂപയോളമായിരുന്നു ചെലവ്.തുളസീദാസിന്റെ മഹാകാവ്യമായ രാമചരിതമാനസിലെ 10,902 വരികളും ഉൾപ്പെടുത്തി സ്വർണം, വെള്ളി, ചെമ്പ് എന്നിവകൊണ്ടു നിർമിച്ച ഗ്രന്ഥത്തിന് ഏകദേശം 147 കിലോഗ്രാം ഭാരമുണ്ടായിരുന്നു. സ്വർണം പൂശിയ 522 താളുകളാണ് ഇതിലുള്ളത്. 2024 ഏപ്രിലിൽ രാമക്ഷേത്ര ട്രസ്റ്റിനു സമർപ്പിച്ച ഗ്രന്ഥം ശ്രീകോവിലിനുസമീപം പ്രദർശിപ്പിച്ചിരുന്നു.പ്രാണപ്രതിഷ്ഠയ്ക്കുശേഷം മൂന്നുതവണ ക്ഷേത്രത്തിൽ പോയപ്പോഴും ഗ്രന്ഥം അവിടെയുണ്ടായിരുന്നു. എന്നാൽ 6 മാസം മുൻപ് പോയപ്പോൾ അപ്രത്യക്ഷമായിരുന്നു. ചമ്പത് റായിയെ കണ്ടു പരാതിപ്പെട്ടെങ്കിലും ശല്യപ്പെടുത്തരുതെന്നുപറഞ്ഞ് അദ്ദേഹം ദേഷ്യപ്പെട്ടെന്നു ലക്ഷ്മി നാരായൺ വെളിപ്പെടുത്തി.ആദ്യയോഗം ഇന്ന്

 

വിവാദങ്ങളുയർന്നശേഷമുള്ള ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ആദ്യയോഗം ഇന്ന് അയോധ്യയിൽ നടക്കും. ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റ് അംഗം അനിൽ മിശ്ര എന്നിവരുടെ രാജിക്കത്തിൽ ഇന്നു തീരുമാനമെടുക്കും. ഭരണനിർവഹണം കാര്യക്ഷമമാക്കുന്നതും വരവുചെലവു കണക്ക് അംഗീകരിക്കലും അജൻഡയിലുണ്ട്.സംഭാവനക്കൊള്ള പുറത്തുവന്നശേഷം ക്ഷേത്രത്തിന്റെ വരുമാനത്തിൽ കുത്തനെ കുറവുണ്ടായതായി ജീവനക്കാർ സമ്മതിക്കുന്നു. സാധാരണ ദിവസങ്ങളിൽ 8 മുതൽ 12 ലക്ഷം രൂപവരെയായിരുന്നു കാണിക്കയായി ലഭിച്ചിരുന്നത്. ഇത് ഒരുലക്ഷത്തിൽ താഴെയായെന്നാണ് ജീവനക്കാരിലൊരാൾ പറഞ്ഞത്. ഭക്തരുടെ വരവിലും കുറവുണ്ടായിട്ടുണ്ട്. സ്കൂൾ തുറന്നതും കടുത്തചൂടും കാരണമാണു ഭക്തർ കുറഞ്ഞതെന്നാണു ജീവനക്കാരുടെ വിശദീകരണം.