ഏര്‍ലിങ് ഹാളണ്ടിന്റെ ചുമലിലേറിയായിരുന്നു നോര്‍വേ ബ്രസീലിനെ വീഴ്ത്തി ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തിയത്. അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച മകന്റെ കഥ കൂടിയാണ് ഹാളണ്ടിന്റേത്. അച്ഛന്റെ സ്വപനം മകനിലൂടെ സാക്ഷാത്കരിക്കുന്ന സുന്ദര സോക്കര്‍ യാത്ര.
വര്‍ഷം 1994 ജൂണ്‍ മാസം 28 ന്യൂജെഴ്‌സിയിലെ റുതര്‍ഫോര്‍ഡ് സ്റ്റേഡിയം, വേള്‍ഡ് കപ്പില്‍ ഗ്രൂപ്പ് ഇ യിലെ അയലന്‍ഡിനെതിരെ നോര്‍വെയുടെ അവസാന മത്സരം. അവസാന വിസില്‍ മുഴുങ്ങി. ഗോള്‍ രഹിത സമനില. പോയിന്റില്‍ മറ്റ് ടീമുകള്‍ക്കൊപ്പമായിരുന്നെങ്കിലും ഗോള്‍ വ്യത്യാസങ്ങളിലെ കണക്കുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി നോര്‍വേ. അന്ന് മധ്യനിരയില്‍ നോര്‍വെക്കായി പന്ത് തട്ടിയ താരത്തിന്റെ പേര് ആല്‍ഫ് ഇംഗെ ഹാലണ്ട് എന്നായിരുന്നു.28 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വാപ്പോരട്ടത്തില്‍ നോര്‍വെ കളിക്കുമ്പോള്‍ കാണികളുടെ കൂട്ടത്തില്‍ ആല്‍ഫ് ഇംഗെയുമുണ്ട്. സ്വന്തം നാടിന്റെ നേട്ടങ്ങള്‍ കാണാന്‍. അതിലുപരി സ്വന്തം മകന്റെ ഒറ്റയാന്‍ പോരാട്ടത്തിന് സാക്ഷിയാകാന്‍.
താന്‍ ജനിച്ച ശേഷം ആദ്യമായി ലോകകപ്പ് കളിക്കുന്ന സ്വന്തം രാജ്യത്തിന്റെ ഓരോ നേട്ടങ്ങള്‍ക്കും അപ്പുറം ആ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടികള്‍ കൂടി കയറുകയാണ് ഹാലണ്ട്. മുന്നില്‍ നിന്ന് ടീമിനെ നയിച്ചു. ഇറാഖിനെതിരെ രണ്ട്, സെനഗലിനെതിരെ രണ്ട്, ഐവറി കോസ്റ്റിനെതിരെ വിജയഗോള്‍. ഒടുവില്‍ ചരിത്രമായി മാറിയ പ്രീക്വാര്‍ട്ടര്‍ പോരില്‍ കാനാറികളെ കെട്ട്‌കെട്ടിച്ചത് ഹാലണ്ടിന്റെ ഇരട്ട ഗോള്‍ മികവിലാണ്.
അച്ഛന്‍ പന്ത് തട്ടിയ അതേ സ്റ്റേഡിയത്തില്‍ മകന്റെ തോളിലേറി നോര്‍വെ കുതിക്കണമെന്നത് കാലത്തിന്റ കാവ്യനീതിയാകാം. ആല്‍ഫ്‌ന് നേടാനാവാതെ പോയ ആ കിരീടം രാജ്യത്തിന് സമ്മാനിക്കാന്‍ ഏര്‍ലിങിനാവുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.






