Headlines

അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്; ചമ്പത്ത് റായിക്കും അനില്‍ മിശ്രക്കും കാരണം കാണിക്കല്‍ നോട്ടീസ്

 

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേടില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത്ത് റായ്, ട്രസ്റ്റ് അംഗം അനില്‍ മിശ്ര എന്നിവര്‍ക്ക് ക്ഷേത്ര ട്രസ്റ്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് മറുപടി എഴുതി നല്‍കണമെന്നാണ് നിര്‍ദ്ദേശം. അതേസമയം ചമ്പത്ത് റായിയെ എസ്ഐടി സംഘം വീണ്ടും ചോദ്യം ചെയ്തുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ചമ്പത്ത് റായിയെ ഇന്നലെ ചോദ്യം ചെയ്തത്. 6 മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടു. അറസ്റ്റിലായ പ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. കൂടുതൽ അറസ്റ്റുകൾക്ക് അടക്കം സാധ്യതയുണ്ടെന്നാണ് വിവരം.

 

ചമ്പത്ത് റായ്, അനില്‍ മിശ്ര എന്നിവർ ട്രസ്റ്റില്‍ നിന്ന് നേരത്തെതന്നെ രാജിവെച്ചിരുന്നു. ക്ഷേത്രക്കൊള്ള ചമ്പത് റായിക്ക് മുന്‍പ് തന്നെ അറിയാമായിരുന്നെന്നാണ് എസ്‌ഐടി വിലയിരുത്തല്‍. ഇവര്‍ക്കും മറ്റ് ട്രസ്റ്റ് ഭാരവാഹികള്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അയോധ്യ ബാര്‍ അസോസിയേഷന്‍ നേരത്തെ പരാതി നില്‍കിയിരുന്നു.

 

അതേസമയം സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്ബിഐ മാനേജറെ എസ്‌ഐടി ചോദ്യം ചെയ്തു. എസ്ബിഐ അയോധ്യ ബ്രാഞ്ച് ചീഫ് മാനേജര്‍ എ രഘുറാം സാഗറിനെയാണ് ചോദ്യം ചെയ്തത്. ട്രസ്റ്റ് അംഗം അനില്‍ മിശ്രയുടെ ഫൈസാബാദിലെ വീട്ടിലായിരുന്നു ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ബാങ്കിന്റെയും ക്ഷേത്ര ട്രസ്റ്റിന്റെയും ഇടയിലുള്ള ആശയവിനിമയങ്ങളും ഡിജിറ്റല്‍ ബാങ്കിംങും കൈകാര്യം ചെയ്തിരുന്നത് രഘുറാമാണെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. എസ്ബിഐ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് രാമക്ഷേത്ര ദര്‍ശനത്തിനായി വിഐപി പാസുകള്‍ സംഘടിപ്പിക്കുന്ന ചുമതലയും ഇയാള്‍ക്ക് ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.എന്നാല്‍ താല്‍ക്കാലിക ജീവനക്കാരെ എസ്ബിഐക്ക് നല്‍കിയ സെക്യൂരിറ്റി ഏജന്‍സി വിഷയത്തില്‍ വ്യക്ത്ത വരുത്തിയിട്ടുണ്ട്. ജീവനക്കാരെ നല്‍കിയത് ശുചീകരണം അടക്കമുള്ള ജോലികള്‍ക്കാണെന്നും സംഭാവന എണ്ണി തിട്ടപ്പെടുത്താനല്ലെന്നും അവര്‍ വിശദീകരിച്ചു. ബാങ്ക് അല്ലെങ്കില്‍ ട്രസ്റ്റായിരിക്കാം ഇവരെ സംഭാവന എണ്ണാന്‍ ചുമചലപ്പെടുത്തിയതെന്നും ഏജന്‍സി സംശയമുന്നയിച്ചു. ജീവനക്കാരെ ബാങ്കിന് നല്‍കിയ ശേഷമുള്ള ജോലി മാറ്റത്തെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നും ഏജന്‍സി പറഞ്ഞു.

 

അതേസമയം രാമ ക്ഷേത്രത്തില്‍ നിന്ന് പ്രതികള്‍ പണക്കെട്ടുകള്‍ നീക്കം ചെയ്യുകയും ഒളിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. സംഭാവന പണം എണ്ണാന്‍ നിയോഗിച്ച ജീവനക്കാരില്‍ അഞ്ച് പേരാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇവര്‍ നോട്ടുകെട്ടുകള്‍ വസ്ത്രങ്ങളിലും സോക്‌സിലും ഒളിപ്പിച്ചു കടത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് എസ്‌ഐടി ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.