പിഎംശ്രീക്കെതിരെ പ്രമേയം പാസാക്കി യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി. ഫെഡറൽ തത്വങ്ങൾ ദുർബലപ്പെടുത്തുന്ന പിഎംശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കരുതെന്ന് പ്രമേയം. രാജ്യത്ത് മതനിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നേറണം. വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള ജനവിധിയാണ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചതെന്നും പ്രമേയത്തിൽ പറയുന്നു.
കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസികളുടെയും ബാധ്യതയാണെന്നും പ്രമേയത്തിൽ പറയുന്നു. പിഎം ശ്രീയിൽ നിന്ന് ഉപാധികളില്ലാതെ പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് എൻ ഷംസുദ്ദീന് എസ്എഫ്ഐ നിവേദനം നൽകിയിരുന്നു. വിദ്യാർത്ഥി പ്രതിനിധികളെ ഉൾപ്പെടുത്തി അടിയന്തര യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
പി എം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റി രാഷ്ട്രീയ പോര് കടുക്കുകയാണ്. പദ്ധതി അടുത്ത ക്യാബിനറ്റിൽ ചർച്ച ചെയ്തു തുടർനടപടി തീരുമാനം വന്നതോടെയാണ് ആരോപണ പ്രത്യാരോപണങ്ങൾ കടുത്തത്. പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിന് നാല് മന്ത്രിമാരെ ഉൾപ്പെടുത്തിയുള്ള ഉപസമിതിയെയാണ് നിലവിൽ ചുമതലപ്പെടുത്തിയിട്ടുള്ളത്. നേരത്തെ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ചിരുന്നെങ്കിലും അതിന്റെ നടപടിക്രമങ്ങൾ മുന്നോട്ടു പോയില്ല.എൽഡിഎഫ് സർക്കാർ പദ്ധതി ഒപ്പിട്ടതിനാൽ പ്രതിസന്ധി ഉണ്ടായി എന്ന വാദത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് ഭരണപക്ഷം. മറ്റു വഴികൾ ഇല്ലാതെ മുന്നോട്ടുപോകുന്നു എന്ന് മുഖ്യമന്ത്രിയടക്കം വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തു. എന്നാൽ തീരുമാനത്തെ രൂക്ഷമായ വിമർശിച്ച് സിപിഐഎം- സിപിഐ നേതാക്കൾ രംഗത്തുവന്നു. പദ്ധതി അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് മരവിപ്പിച്ചുകൊണ്ട് അന്ന് കേന്ദ്രത്തിന് കത്തയച്ചത് എന്നും പ്രതിപക്ഷം വാദിക്കുന്നു.









