ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്നും വികലമായ ഭരണപരിഷ്‌കാരങ്ങൾ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷം ചില ഭേദഗതികൾ ഉന്നയിച്ചു. ഇവ സർക്കാർ അംഗീകരിച്ചു. തുടർന്ന് പ്രമേയം ഏകണ്‌ഠേന പാസാക്കുകയായിരുന്നു
ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ലക്ഷദ്വീപിൽ കാവി അജണ്ട അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാർപറേറ്റ് താത്പര്യങ്ങൾ ദ്വീപിന് മേൽ അടിച്ചേൽപ്പിക്കുകയാണ്. ദ്വീപ് നിവാസികളുടെ ഉപജീവന മാർഗം തകർക്കുന്ന നടപടികളാണുണ്ടാകുന്നത്. ഗോവധ നിരോധനമെന്ന സംഘ്പരിവാർ അജണ്ട പിൻവാതിലിലൂടെ ദ്വീപിൽ നടപ്പാക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ അധികാരം എടുത്തുകളഞ്ഞ് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം
കേന്ദ്രത്തിന്റെ താത്പര്യങ്ങൾ ഉദ്യോഗസ്ഥനിലൂടെ നടപ്പാക്കുന്നു. രണ്ട് കുട്ടികളിലധികം ഉള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നത് കേട്ടുകേൾവിയില്ലാത്ത പരാമർശമാണ്. കൊളോണിയൽ കാലത്തെ വെല്ലുന്ന നടപടികളാണ് ദ്വീപിൽ നടക്കുന്നത്. അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പ്രമേയം ഐക്യകണ്ഠേന പാസാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
സംഘ്പരിവാർ താത്പര്യം സംരക്ഷിക്കുന്നുവെന്ന് പ്രമേയത്തിൽ എടുത്തുപറയണമെന്ന ഭേദഗതി മുസ്ലിം ലീഗ് നിർദേശിച്ചു. അഡ്മിനിസ്ട്രേറ്ററുടെ മുഴുവൻ ഉത്തരവും റദ്ദാക്കണമെന്ന ഭേദഗതിയും ലീഗ് നിർദേശിച്ചു. കേന്ദ്രത്തെ പേരെടുത്ത് വിമർശിക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു
പ്രമേയത്തോട് പൂർണമായും യോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശം പുതിയ പരിഷ്‌കാരങ്ങളോട് ഇല്ലാതാകും. ഉപജീവന മാർഗം തന്നെ ഇല്ലാതാക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ കൊണ്ടുവന്ന ജനസംഖ്യ നിയന്ത്രണ നിയമം അറബിക്കടലിൽ എറിയണമെന്നും വി ഡി സതീശൻ പറഞ്ഞു.