Headlines

‘തളിപ്പറമ്പിൽ കണ്ടത് വിശ്വാസ വഞ്ചനയ്ക്ക് പുറത്തുള്ള കാര്യം; കോൺഗ്രസ് അവസരവാദത്തിന്റെ മൂർത്തീഭാവത്തെ കൂടെ നിർത്തി’; ടി കെ ഗോവിന്ദനെതിരെ മുഖ്യമന്ത്രി

കണ്ണൂർ തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ടി കെ ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തളിപ്പറമ്പിൽ കണ്ടത് വിശ്വാസവഞ്ചനക്ക് പുറത്തുള്ള കാര്യമാണ്. സ്ഥാനമോഹം കൊണ്ട് എത്ര വലിയ ചെളികുണ്ടിലാണ് ഇയാൾ വീണതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പേര് പരാമർശിക്കാതെ ആയിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.മറ്റുള്ളവരുമായും ചേർന്ന് എങ്ങനെ എൽഡിഎഫിനെ തോൽപ്പിക്കാൻ ആകുമെന്ന് ആണ് അവർ ചിന്തിക്കുന്നത്. കോൺഗ്രസിന് നല്ല രാഷ്ട്രീയ പോരാട്ടം നടത്തി അന്തസ്സോടെ തോൽക്കാമായിരുന്നല്ലോ. എന്നാൽ അവസരവാദത്തിന്റെ മൂർത്തിഭാവത്തെ കൂടെ നിർത്തുകയാണ് കോൺഗ്രസ് ചെയ്തതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണം കടുപ്പിക്കുകയാണ് എൽഡിഎഫ്. 11 മണ്ഡലങ്ങളുള്ള കണ്ണൂരിൽ 5 ഇടങ്ങളിലാണ് മുഖ്യമന്ത്രിയുടെ പ്രചരണം.വെല്ലുവിളി പാർട്ടി നേരിടുന്ന പയ്യന്നൂരും തളിപ്പറബും മുഖ്യമന്ത്രി എത്തിയതോടെ പ്രചാരണം ചൂടുപിടിക്കുകയാണ് കണ്ണൂരിൽ. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിൽ മാറി മാറി ആരോപണങ്ങളും വിവാദങ്ങളും നിറയുകയാണ്. സിപിഐഎം-ബിജെപി ഡീൽ ആരോപണത്തിൽ തുടങ്ങി എസ്ഡിപിഐ ബന്ധം വരെ ആരോപണങ്ങൾ കത്തിക്കയറി. ശബരിമല സ്വർണക്കൊളള ചർച്ചയാക്കാൻ യുഡിഎഫും മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ചർച്ചചെയ്യാൻ എൽഡിഎഫും ശ്രമിക്കുന്നതാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ കാഴ്ച.