‘പോറ്റിയേ കേറ്റിയേ പാരഡി’ പാടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ റാന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പഴകുളം മധുവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തിരുവാഭരണ പാതസംരക്ഷണസമിതി സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നല്‍കിയത്.
മണ്ഡലത്തില്‍ ശബരിമല തന്നെയാണ് പ്രധാന പ്രചാരണ വിഷയമായി യുഡിഎഫ് ഉയര്‍ത്തുന്നത്. അതിന്റെ ഭാഗമായാണ് പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനം പാടിയത്. ഇതിനെതിരായാണ് പരാതി. ശബരിമല നിലകൊള്ളുന്ന റാന്നി മണ്ഡലത്തില്‍ മതവികാരം വ്രണപ്പെടുത്തുന്നു എന്ന് പരാതിക്കാരന് പറയുന്നു.
എന്നാല്‍ ഇതിനെതിരെ നിയമപരമായി പോയാലും നിലനില്‍ക്കില്ലെന്നാണ് പഴകുളം മധു പറയുന്നത്. താനൊരു മതത്തെയോ മത ചിഹ്നത്തെയോ ഒരു തരത്തിലും വ്രണപ്പെടുത്തിയിട്ടില്ല. താന്‍ ഒരു അഭിഭാഷകനാണ് നിയമമറിയാം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ക്യാമ്പും തനിക്കെതിരെ ദുഷ്പ്രചാരണം നടത്തുകയാണ് എന്നെല്ലാമാണ് പഴകുളം മധു പറയുന്നത്.








