“പോറ്റിയെ കേറ്റിയെ“ എന്ന പാരഡി ഗാനത്തിൽ എതിർപരാതിയുമായി കോൺഗ്രസ്. പോറ്റിയെയും കോൺഗ്രസിനെയും ബന്ധിപ്പിച്ചിട്ടുള്ള പാരഡി ഗാനത്തിലാണ് പരാതി. നിലവിൽ കേസെടുത്ത “പോറ്റിയെ കേറ്റിയെ” എന്ന വരികൾ ആവർത്തിച്ചാണ് ഇടതുപക്ഷ പ്രൊഫൈലുകളിൽ കോൺഗ്രസിനെതിരായി പാരഡി പ്രചരിക്കുന്നത്.
“സ്വർണ്ണം കട്ടത് ആരപ്പാ..” എന്ന പാട്ടിൻറെ സമാന വരികൾ ആവർത്തിച്ചാണ് ഇടത് പ്രൊഫൈലുകളുടെ ക്യാമ്പയിൻ. നേരത്തെ പ്രചരിച്ച പാട്ടിൽ കേസെടുത്തെങ്കിൽ പുതിയതായി പ്രചരിപ്പിക്കുന്ന പാട്ടുകൾക്കെതിരെയും കേസെടുക്കണമെന്നാണ് കോൺഗ്രസ് നേതാവായ ജെ എസ് അഖിലിന്റെ പരാതി
ആദ്യ കേസിൽ ആവിഷ്കാര സ്വാതന്ത്ര്യം എന്ന പരിഗണന നൽകിയിട്ടില്ലെങ്കിൽ ഈ പരാതിയിലും അതേ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരടക്കം പരാമർശിച്ചാണ് ഇടത് പ്രൊഫൈലുകളിൽ നിന്ന് പാട്ട് പ്രചരിക്കുന്നത്.
അതേസമയം പോറ്റി പാരഡി ഗാനത്തിൽ സിപിഐഎം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും. ഇന്നത്തെ സെക്രട്ടറിയറ്റ് യോഗത്തിലാണ് തീരുമാനം. പന്തളം ഏരിയ കമ്മിറ്റി അംഗവും, പന്തളം രാജകുടുംബാംഗവുമായ പ്രദീപ് വർമയാണ് പരാതി നൽകുക. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുക. അയ്യപ്പനെ ഉപയോഗിച്ചുള്ള പാട്ട് തിരഞ്ഞെടുപ്പ് ചട്ടലംഘനവും വർഗ്ഗീയ ധ്രുവീകരണത്തിനും വേണ്ടിയാണെന്നും സിപിഐഎം അറിയിച്ചു.
വളരെ ഗുരുതരമായ തെറ്റാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മതങ്ങളെയോ മത സ്ഥാപനങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിക്കാൻ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടയിലാണ് സ്വാമി അയ്യപ്പന്റെ പേരിലുള്ള പാരഡി ഗാനം കോൺഗ്രസുകാർ ലീഗുകാരോടൊപ്പം ചേർന്ന് പുറത്തിറക്കിയത്.
ഇത് തെരഞ്ഞെടിപ്പിൽ ധ്രുവീകരണം ഉണ്ടാക്കുന്നതിനായി മനപ്പൂർവ്വം സൃഷ്ടിച്ചതാണെന്നും സിപിഐഎം ആരോപിച്ചു. പത്മകുമാറിനെതിരായ നടപടി ചർച്ച ചെയ്തു. നാളെ ജില്ലാ കമ്മിറ്റിയിൽ അംഗങ്ങളുടെ അഭിപ്രായം തേടും. അഭിപ്രായങ്ങൾ സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടേതാണെന്നും സിപിഐഎം വ്യക്തമാക്കി.









