വത്തിക്കാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ജി 20 ഉച്ചക്കോടിക്കായി വെള്ളിയാഴ്ച ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻസമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് മാർപാപ്പയുടെ വസതിയായ വത്തിക്കാൻ പാലസിലെത്തിയത്.
മാർപാപ്പയുടെ സ്വകാര്യ ലൈബ്രറിയിലെ ഇരുവരുടെയും കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങൾ ഉൾപ്പടെ കൂടിക്കാഴ്ചിയൽ ചർച്ചയായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു.
ജി20 ഉച്ചകോടിക്കായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി ഒക്ടോബർ 31 വരെ അവിടെ തുടരും. വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജവഹർ ലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, ഐകെ ഗുജ്‌റാൾ, എബി വാജ്‌പേയ് എന്നിവരാണ് മുമ്പ് മാർപാപ്പയെ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാർ.ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഒടുവിലായി ഇന്ത്യ സന്ദർശിച്ചത്. 1999 ലായിരുന്നു ഈ കൂടിക്കാഴ്ച. അന്ന് എബി വാജ്‌പേയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വലിയ സ്വീകരണമായിരുന്നു അദ്ദേഹത്തിന് നൽകിയത്.
അതേസമയം റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. പിയാസയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ഇന്ത്യൻ സമൂഹത്തെ കണ്ടത്. പിന്നീട്, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വാൻഡെർ ലെയ്ൻ എന്നിവരുമായി മോദി സംയുക്ത ചർച്ച നടത്തി ഔദ്യോഗിക പരിപാടികൾക്കു തുടക്കം കുറിച്ചു.