ഒമിക്രോണ്‍ പടര്‍ന്നുപിടിച്ചാല്‍ പ്രത്യാഘാതം അതീവഗുരുതരമാകും; ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടര്‍ന്നുപിടിച്ചാല്‍ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന . ഒമിക്രോണിന്റെ വിനാശ ശേഷിയെ കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ. എന്നാല്‍ ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരുമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡബ്ലിയു എച്ച് ഒ പുറത്തിറക്കിയ കുറിപ്പിലുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ B.1.1 529 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്. ഈ വൈറസിന് ഒമിക്രോണ്‍ എന്ന് പേരും നല്‍കി.അതേസമയം, ഒമിക്രോണിനെ സംബന്ധിച്ച പഠനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ എടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒമിക്രോണിന്റെ തീവ്രത, വ്യാപനശേഷി തുടങ്ങിയ കാര്യങ്ങളില്‍ പഠനത്തിലൂടെ മാത്രമേ വ്യക്തത ലഭിക്കു. ഒമിക്രോണ്‍ വകഭേദം അപകടകാരിയാണെന്നത് ഇതുവരെ വ്യക്തമല്ലെന്നും ലോകാരോഗ്യ സംഘടന നേരത്തെ പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതിന് പിറകെ മറ്റ് ചില രാജ്യങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒമിക്രോണിന്‍രെ വരവോടെ പല രാജ്യങ്ങളും അന്താരാഷ്ട്ര വിമാന സര്‍വീസുകളടക്കം റദ്ദാക്കിയിരിക്കുകയാണ്.