വാഷിങ്ടണ്‍: യു എസ് മുന്‍ വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു. 84 വയസായിരുന്നു. കൊവിഡാനന്തര പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കറുത്ത വര്‍ഗക്കാരനായ ആദ്യ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നു പവല്‍.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശാബ്ദത്തിലും ഈ നൂറ്റാണ്ടിലെ ആദ്യ വര്‍ഷങ്ങളിലുമായി അമേരിക്കയുടെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ പ്രമുഖ പങ്കുവഹിച്ച വ്യക്തിയാണ്. ഇറാഖിലുള്‍പ്പെടെ യു എസ് അധിനിവേശങ്ങള്‍ക്ക് നേതൃത്വമേകിയത് കോളിന്‍ പവലാണ്. സംയുക്ത സേനാധിപനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. റൊണാള്‍ഡ് റീഗന്‍ ഭരണത്തിലെ അവസാനകാലത്ത് പ്രസിഡന്റിന്റെ സൈനികോപദേഷ്ടാവായി നിയമിതനായി. ഏറ്റവും പ്രായം കുറഞ്ഞ സംയുക്തസേനാ മേധാവി എന്ന ബഹുമതിയും പവലിനാണ്.