53.3 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ലണ്ടന്‍ : 106 രാജ്യങ്ങളിൽ നിന്നുള്ള 53.3 കോടി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ചോര്‍ന്ന വ്യക്തിപരമായ വിവരങ്ങള്‍ അടക്കം ചില ഓണ്‍ലൈന്‍ ഫോറങ്ങളിൽ ലഭ്യമാണ്. സൌജന്യമായി ആര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഈ വിവരങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. ഫോൺ നമ്പറുകൾ, ഫേസ്ബുക്ക് ഐഡികൾ, മുഴുവൻ പേരുകൾ, സ്ഥലവിവരങ്ങള്‍, ജനനത്തീയതികൾ, ഇമെയിൽ ഐഡികൾ എന്നിവയെല്ലാം ചോര്‍ന്ന വിവരങ്ങളില്‍ പെടുന്നു.

അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള 3.2 കോടിയിലധികം അക്കൗണ്ടുകള്‍, 1.1 കോടി ബ്രിട്ടീഷ് പൌരന്മാരുടെ വിവരങ്ങള്‍, 60 ലക്ഷം ഇന്ത്യക്കാരുടെ അക്കൌണ്ട് വിവരങ്ങള്‍ എന്നിവ ചോര്‍ന്ന വിവരങ്ങളില്‍ പെടുന്നു. എന്നാല്‍ ഈ ചോര്‍ച്ചയോട് പ്രതികരിച്ച ഫേസ്ബുക്ക് ഈ വിവരങ്ങള്‍ രണ്ട് വര്‍ഷം പഴക്കമുള്ളതാണെന്നാണ് വാദിക്കുന്നത്. 2019 ൽ ഇത് ചോരാന്‍ ഇടയായ പ്രശ്നങ്ങള്‍ തീര്‍ത്തതാണെന്ന് ഫേസ്ബുക്ക് പറയുന്നു.