ഓപറേഷൻ ഗംഗ: യുക്രൈനിൽ നിന്ന് 629 പേർ കൂടി ഇന്ത്യയിൽ മടങ്ങിയെത്തി

 

യുദ്ധം രൂക്ഷമായ യുക്രെയ്‌നിൽ നിന്ന് 629 ഇന്ത്യക്കാർ കൂടി നാട്ടിൽ മടങ്ങിയെത്തി. മൂന്നു വ്യോമസേന വിമാനങ്ങളിലായി ശനിയാഴ്ച രാവിലെയാണ് സംഘം ഡൽഹിക്കു സമീപത്തെ ഹിൻഡോൻ എയർ ബേസിലെത്തിയത്.

ഓപറേഷൻ ഗംഗ തുടങ്ങിയതു മുതൽ 10 വിമാനങ്ങളിലായി വ്യോമസേന ഇതുവരെ 2,056 പേരെ നാട്ടിലെത്തിച്ചെന്ന് ഇന്ത്യൻ വ്യോമസേന പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ റുമേനിയ, ഹംഗറി, പോളണ്ട്, സ്ലോവാക്യ എന്നീ അയൽരാജ്യങ്ങളിൽ അഭയം തേടിയിരിക്കുകയാണ്.

റുമേനിയ, സ്ലോവാക്യ, പോളണ്ട് എന്നീ രാജ്യങ്ങളിൽ എത്തിയ 629 പേരെയാണ് വ്യോമ സേനയുടെ സി -17 വിമാനങ്ങളിൽ നാട്ടിലെത്തിച്ചത്. ശനിയാഴ്ച 11 വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. 2,200ലധികം പേർ ഈ വിമാനങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.