മോസ്കോ: സമൂഹമാധ്യമങ്ങളായ ട്വിറ്ററിന് നിയന്ത്രണവും ഫെയ്സ്ബുക്കിനും വിലക്കുമേർപ്പെടുത്തി റഷ്യ. റഷ്യ യുക്രെയ്ൻ സംഘർഷത്തിന്റെ പേരിൽ വ്യാജവാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു എന്നു കാട്ടിയാണ് റഷ്യൻ ഭരണകൂടത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിയമം റഷ്യയിൽ പ്രാബല്യത്തിൽ വന്നു.
നിയമം ലംഘിക്കുന്നവർക്ക് റഷ്യൻ സൈന്യത്തിനെതിരെ വ്യാജ വാർത്ത ചമച്ചു എന്ന കുറ്റം ആരോപിച്ച് 15 വർഷം തടവു ശിക്ഷ ലഭിക്കും. റഷ്യൻ സർക്കാർ നിരോധിച്ച ഉള്ളടക്കം മാറ്റാൻ ട്വിറ്റർ തയാറാകാത്തത് റഷ്യയെ പ്രകോപിപ്പിച്ചിരുന്നു. എന്നാൽ സാധാരണക്കാർക്ക് വിവരങ്ങൾ അറിയാനും ബന്ധുക്കളും സുഹൃത്തുക്കളുമായി സംവദിക്കാനുമുള്ള വഴിയാണ് ഇല്ലാതാക്കുന്നതെന്നും സേവനം പുനഃസ്ഥാപിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഫെയ്സ്ബുക്ക് അറിയിച്ചു.
നിയമം പ്രാബല്യത്തിൽ വന്നതോടെ റഷ്യയിലുള്ള മാധ്യമപ്രവർത്തകരെ ബിബിസി തിരിച്ചു വിളിച്ചു. പുതിയ നിയമം സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ കുറ്റകൃത്യമാക്കുന്നതാണെന്നും വ്യാജവാർത്ത ആരോപിച്ച് ആരെയും തടങ്കലിൽ ഇടുന്നതാണെന്നും ബിബിസി ആരോപിച്ചു. യുഎസ് മാധ്യമമായ സിഎൻഎന്നും റഷ്യയിൽ പ്രവർത്തനം നിർത്തിയേക്കുമെന്നാണ് വിവരം. ബിബിസി, വോയ്സ് ഓഫ് അമേരിക്ക, ജർമനിയിലെ ഡോയ്ചെ വെലെ തുടങ്ങിയ വിദേശമാധ്യമ വെബ്സൈറ്റുകൾക്കു റഷ്യ വിലക്കേർപ്പെടുത്തിയിരുന്നു.