ജീവിതത്തിലെ സന്തോഷങ്ങള്‍ വൈറലാകാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങളും ഒടുവില്‍ ദുരന്തമാകുന്ന കാഴ്ചയാണ് ഈയിടെയായി കണ്ടുവരുന്നത്. സേവ് ദ ഡേറ്റ് വീഡിയോയും വിവാഹ വീഡിയോകളുമെല്ലാം ചിത്രീകരിക്കുന്നതിനിടെ പല ദുരന്തങ്ങളുമുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചതിന്‍റെ സന്തോഷം പ്രിയപ്പെട്ടവരെ അറിയിക്കാന്‍ ചെയ്ത ഒരു അഭ്യാസമാണ് അവസാനം സങ്കടത്തില്‍ കലാശിച്ചത്.
പെണ്‍കുഞ്ഞാണെന്ന് അറിയിച്ച ശേഷം ചെറുവിമാനം വെള്ളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ മരിക്കുകയും ചെയ്തു. മെക്സിക്കോയിലെ കാൻകൂണിലെ നിചുപ്ത തടാകത്തില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്.
ബീച്ചിനു മുകളിലൂടെ പറന്ന് പെണ്‍കുഞ്ഞാണെന്ന് അറിയിക്കാന്‍ പിങ്ക് പുക പരത്തിയ ശേഷം വിമാനം താഴേക്ക് കൂപ്പുകുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന സസ്‌പെന്‍സ് അറിയിക്കാന്‍ എത്തുന്ന വിമാനം കാത്ത് താഴെ ബോട്ടിലുണ്ടായിരുന്നവര്‍ സ്പാനിഷ് ഭാഷയില്‍ പെണ്‍കുട്ടിയെ വിശേഷിപ്പിക്കുന്ന നീനാ എന്ന് ആര്‍പ്പുവിളിച്ചതിനു തൊട്ടുപിന്നാലെയാണ് ദുരന്തം. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. എന്നാല്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.