വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ആദ്യത്തെ ഇന്റലിജന്‍സ് ബ്രീഫിംഗ് തിങ്കളാഴ്ച ആരംഭിക്കും. 2021 ജനുവരിയിൽ അധികാരമേൽക്കാൻ തയ്യാറെടുക്കുന്ന ബൈഡന് ദേശീയ സുരക്ഷാ വിഷയങ്ങളിൽ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടുകളായിരിക്കും ലഭിക്കുക.
ബൈഡന്‍, വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് എന്നിവര്‍ തിങ്കളാഴ്ച്ച തന്നെ അവരുടെ ഭരണത്തിൽ ഉന്നതതല സാമ്പത്തിക തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുകള്‍ പ്രഖ്യാപിക്കുമെന്ന് വിശ്വസിക്കുന്നു.
വൈറ്റ് ഹൗസ് ബജറ്റ് ഓഫീസ് മേധാവിയായി നീര ടാൻഡനായിരിക്കാന്‍ സാധ്യതയുണ്ടെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാമ്പത്തിക വിദഗ്ധ സിസിലിയ റൂസ് സാമ്പത്തിക ഉപദേശക സമിതിയുടെ ചെയർമാനായി പ്രവർത്തിക്കും. മുൻ ഫെഡറൽ റിസർവ് ചെയർപേഴ്‌സൺ ജാനറ്റ് യെല്ലനെ ട്രഷറി സെക്രട്ടറിയായി ബൈഡന്‍ ഇതിനകം തന്നെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. കൂടാതെ, യെല്ലന്റെ ടോപ്പ് ഡപ്യൂട്ടിയായി പ്രവർത്തിക്കാൻ വാലി അഡെമോയെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.