യുഎസിലെ അലാസ്‌കയിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. ആങ്കറേജിലാണ് അപകടം നടന്നത്. മരിച്ചവരിൽ ഒരാൾ സംസ്ഥാന നിയമ നിർമാണ സഭ അംഗമാണ്. അപകടത്തിൽപ്പെട്ട വിമാനങ്ങളിൽ ഒന്ന് പറത്തിയിരുന്നത് ജനപ്രതിനിധിയായ ഗാരി നോപ്പാണ്.
ഗാരി നോപ്പ് മാത്രമാണ് ഒരു വിമാനത്തിലുണ്ടായിരുന്നത്. മറ്റ് വിമാനത്തിൽ നാല് വിനോദസഞ്ചാരികളും പൈലറ്റും ഒരു ഗൈഡുമാണ് ഉണ്ടായിരുന്നത്. സോൾഡോട്‌ന വിമാനത്താവളത്തിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.
ആറ് പേർ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്. വിമാനങ്ങളുടെ അവശിഷ്ടങ്ങൾ താഴെ റോഡിലേക്കാണ് പതിച്ചത്.