സൂയസ് കനാലിലെ കപ്പല്‍ കുരുക്ക്: നൂറു കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഈജിപ്ത്

കെയ്‌റോ: സൂയസ് കനാലില്‍ ചരക്കുകപ്പല്‍ കുടുങ്ങി ജലഗതാഗതം ഒരാഴ്ചയോളം സ്തംഭിച്ച സംഭവത്തില്‍ നൂറ് കോടി അമേരിക്കന്‍ ഡോളര്‍ (73,000 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഈജിപ്ത്. ഗതാഗതം മുടങ്ങിയ കാലത്തെ ട്രാന്‍സിറ്റ് ഫീസ്, ഡ്രെഡ്ജിംഗ്, രക്ഷാപ്രവര്‍ത്തനത്തിനിടയിലെ നാശനഷ്ടങ്ങള്‍, ഉപകരണങ്ങളുടെ വില, മനുഷ്യ വിഭവശേഷി എന്നിവക്കുള്ള തുകയാണ് ഇതെന്ന് സൂയസ് കനാല്‍ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഒസാമ റാബി പറഞ്ഞു. എന്നാല്‍ ആരില്‍നിന്നാണ് നഷ്ടപരിഹാരം ഈടാക്കുക എന്ന കാര്യത്തില്‍ സൂയസ് കനാല്‍ അതോറിട്ടി അധ്യക്ഷന്‍ വ്യക്തത വരുത്തിയിട്ടില്ല.

എവര്‍ ഗ്രീന്‍ എന്ന തായ്വാന്‍ കമ്പനിയുടെ എവര്‍ഗിവണ്‍ എന്ന കൂറ്റന്‍ ചരകക്കു കപ്പലാണ് സൂയസ് കനാലിന്റെ വശത്തിലിടിച്ച് ഗതാഗത തടസ്സത്തിനു കാരണമായത്. കപ്പല്‍ കനാലില്‍ കുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത ജലപാതയില്‍ കൂടിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു. 370ഓളം കപ്പലുകള്‍ കനാലിന്റെ ഇരുഭാഗത്തും കുടങ്ങി. ഇവയില്‍ പലതും തെക്കേ ആഫ്രിക്കന്‍ മേഖലയിലൂടെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതു കാരണം കപ്പല്‍ കമ്പനികള്‍ക്കും വന്‍ നഷ്ടം സംഭവിച്ചിരുന്നു. ഒരാഴ്ചത്തെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം തിങ്കളാഴ്ചയാണ് കപ്പല്‍ ശരിയായ ദിശയിലാക്കി ഗതാഗതം പുനസ്ഥാപിച്ചത്. സൂയസ് കനാല്‍ അധികൃതര്‍, ഡച്ച് സ്ഥാപനമായ സ്മിത് സാവേജ് എന്നിവര്‍ സംയുക്തമായാണ് കപ്പല്‍ നീക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടത്. നാവിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഗതാഗതക്കുരുക്കാണ് എവര്‍ഗിവണ്‍ കപ്പല്‍ വരുത്തിവച്ചത്.