സുൽത്താൻബത്തേരി: സർവീസ് സെൻ്ററിൽ നിന്ന് ഇന്നോവ കാർ മോഷണം നടത്തിയ ബാംഗ്ലൂർ സ്വദേശിയെ പോലീസ് അതി സാഹസികമായി പിടികൂടി
സംഭവവുമായി ബന്ധപ്പെട്ട് കർണാടക ബാംഗ്ലൂർ സ്വദേശി നസീർ ( 56) നെ മീനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു
ടി വി ഏലിയാസിൻ്റെ ഉടമസ്ഥതയിലുള്ള കെ എൽ73 എ 7007 നമ്പർ ഇന്നോവ കാറാണ് മോഷണം നടത്തിയത്.
വാര്യാടുള്ള അമാന ടയോട്ട സർവീസ് സെൻ്ററിൽ നിന്നാണ് ഇന്ന് ഉച്ചകഴിഞ്ഞ് മോഷണം നടന്നത് .
സർവീസിന് കൊടുക്കുന്ന വാഹനങ്ങളുടെ താക്കോൽ വാഹനത്തിൽ തന്നെയാണ് വെക്കാറുള്ളത്. സർവീസ് സെൻ്ററിലെ ജീവനക്കാരുടെ കണ്ണ് വെട്ടിച്ചാണ് പ്രതി കോമ്പൗണ്ടിൽ നിന്ന് കാർ എടുത്തു പോയത്.
മീനങ്ങാടി ഭാഗത്തേക്ക് അമിതവേഗതയിൽ ഓടിച്ചുപോയ വാഹനം ഹൈവേ പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയും കൈ കാണിച്ച് വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു .
വാഹനം നിർത്താതതിനെ തുടർന്ന് ഹൈവേ പോലീസ് തൊട്ടടുത്ത മീനങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചു .
മീനങ്ങാടി പോലീസ് വാഹനത്തെ പിന്തുടർന്നത് കണ്ട പ്രതി വാഹനം കൊളഗപ്പാറ ജംഗ്ഷനിൽ നിന്ന് അമ്പലവയൽ ഭാഗത്തേക്ക് തിരിച്ചുവിട്ടു.
ഈ പ്രദേശങ്ങളിൽ വെച്ച് അഞ്ചോളം വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചതിനൊടുവിൽ പോലീസ് വടുവഞ്ചാലിൽ വെച്ചാണ് മോഷ്ടാവിനെ പിടികൂടിയത്.
കർണാടകയിലേക്ക് കാർ മോഷ്ടിച്ചു കൊണ്ടു പോകാനുള്ള ശ്രമമാണ് പ്രതി നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.