മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന നാല് നാള്‍; നാല് പുറം നന്നാക്കാം ശൂചീകരണ ക്യാമ്പയിന് വയനാട് ‍ജില്ലയിൽ തുടക്കമായി

മഴക്കാലപൂര്‍വ്വ ശുചീകരണ ക്യാമ്പയിന് തുടക്കം മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന നാല് നാള്‍; നാല് പുറം നന്നാക്കാം ശൂചീകരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. തൊണ്ടര്‍നാട് പഞ്ചായത്തില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. കോറോം ടൗണിലെ തോട് വൃത്തിയാക്കിയാണ് ക്യാമ്പയിന് തുടക്കമിട്ടത്. ജില്ലാഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടക്കുന്ന ശൂചീകരണ പരിപാടികള്‍ക്ക് ശുചിത്വമിഷനും ഹരിത കേരളമിഷനും നേതൃത്വം നല്‍കും.  കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചും മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിച്ചുമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്. നാലു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വരും ദിവസങ്ങളില്‍ പൊതുസ്ഥാപനങ്ങള്‍, തോട്, പുഴ, കുളങ്ങള്‍, വീടും പരിസരങ്ങളും എന്നിവ ശുചീകരിക്കും. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി എന്നീ രോഗങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്നിവയും ക്യാമ്പയിന്റെ ലക്ഷ്യങ്ങളാണ്. വാര്‍ഡ് സാനിറ്റേഷന്‍ സമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികള്‍, ജീവനക്കാര്‍, വിവിധ ക്ലബ്ബുകള്‍, വീടുകള്‍, അംഗങ്ങള്‍, സംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകും. ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ. ശ്രീലത, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.