കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകി ജില്ലയിലും വാക്സിനേഷന് തുടക്കം കുറിച്ചു. 9 കേന്ദ്രങ്ങളിലാണ് കുത്തിവയ്പ് തുടങ്ങിയത്. ജില്ലാതല ഉദ്ഘാടനം വൈത്തിരി താലൂക്ക് ആശുപത്രിയിൽ വച്ച് കൽപ്പറ്റ എം.എൽ.എ സി.കെ ശശീന്ദ്രൻ നിർവഹിച്ചു. ആശാ പ്രവർത്തകർ മുതൽ ഡോക്ടർമാർ വരെയുള്ള ആരോഗ്യ പ്രവർത്തകരും പോലീസ്, റവന്യൂ തുടങ്ങിയ വിവിധ വകുപ്പുകളും ചെയ്ത പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് എംഎൽഎ പറഞ്ഞു. വാക്സിൻ ലഭിച്ചെങ്കിലും ജാഗ്രത കൈവിടരുത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരയ്ക്കാർ അധ്യക്ഷത വഹിച്ചു. വാക്സിൻ നമ്മിലേക്ക് എത്തുമ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും മറ്റു പ്രവർത്തകരെയും നാം ഓർക്കേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള പറഞ്ഞു.
ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിൽ വാക്സിനേഷൻ നടത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ടെന്നും പരിപാടി വിശദീകരിച്ച് ജില്ലാ ആർ സി എച് ഓഫീസർ ഡോ. ഷിജിൻ ജോൺ ആളൂർ പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നസീമ ടീച്ചർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വിജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അബ്ദുറഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷകുമാരി, ഗ്രാമ പഞ്ചായത്ത് മെമ്പർ ജിൻഷ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ ബി അഭിലാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക സ്വാഗതവും വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ് സേവ്യർ നന്ദിയും പറഞ്ഞു.
*മാനന്തവാടി ജില്ലാ ആശുപത്രിയിൽ*
മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഒ. ആർ. കേളു എം. എൽ. എ. ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് എ.പി. ദിനേശ് കുമാർ അധ്യക്ഷനായി.ആദ്യഘട്ടത്തില്‍ ജില്ലാ ആശുപത്രിയിലെ 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവെപ്പ് നൽകി .
വാക്‌സിന്‍ എടുത്താലും കോവിഡ് മാനദണ്ഡങ്ങള്‍ ശരിയായ രീതിയില്‍ പാലിക്കണമെന്നും മാസ്‌ക് ധരിക്കല്‍, ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍ എന്നിവ കര്‍ശനമായി ശ്രദ്ധിക്കണമെന്നും കോവിഡ് ജില്ലാ നോഡൽ ഓഫീസർ ഡോ.കെ.ചന്ദ്രശേഖർ പറഞ്ഞു. ചടങ്ങിൽ ജില്ലാ ആശുപത്രി പി. പി. യൂണിറ്റ് മെഡിക്കൽ ഓഫീസർ (വാക്സിനേഷൻ ചാർജ് ) ഡോ. സി. കെ. ദിവ്യ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. സുരേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം. പി. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
തിരുനെല്ലി പഞ്ചായത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് അപ്പപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിൽ നടന്നു. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ടി. വത്സലകുമാരി നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. എൻ. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത 50 ആരോഗ്യ പ്രവർത്തകർക്ക് വാക്സിനേഷൻ നൽകി.
ചടങ്ങിൽ അപ്പപ്പാറ മെഡിക്കൽ ഓഫീസർ ഡോ. ലിസാജ്, ബേഗൂർ മെഡിക്കൽ ഓഫീസർ ജെറിൻ എസ് ജെറാൾഡ് തുടങ്ങിയവർ പങ്കെടുത്തു.