വയനാട് മെഡിക്കൽ കോളേജ് ആദ്യം ഉപകാരപ്പെടണ്ടത് വയനാട്ടുകാർക്കെന്ന് കർമ്മസമിതി

സുൽത്താൻ ബത്തേരി : ജീവൻ രക്ഷിക്കാനായി വൈദ്യശാസ്ത്രം പറയുന്ന ഗോൾഡൻ ഹവറിനുള്ളിൽ രോഗിക്ക് എത്തിച്ചേരാൻ സാധ്യമാവുന്ന വിധത്തിൽ വയനാട് മെഡിക്കൽ കോളേജിന് സ്ഥലം കണ്ടെത്തണമെന്ന ആവശ്യം ശക്തമാവുന്നു.ഇതിന് ജില്ലയുടെ മധ്യഭാഗത്ത് മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെടണം.ഹൃദയാഘാതം, അപകടം തുടങ്ങിയവ മൂലം അത്യാസന്ന നിലയിലായവർക്ക് ജീവൻ നിലനിർത്താൻ ആസ്പത്രിയിലെത്താനായി വൈദ്യശാസ്ത്രം പറയുന്ന ഒരു മണിക്കൂറാണ് ഗോൾഡൻ ഹവർ. ബോയ്സ് ടൗണിലോ മാനന്തവാടിയിലോ മെഡിക്കൽ കോളേജ് ആരംഭിച്ചാൽ ദക്ഷിണ വയനാടിൽ നിന്ന് രണ്ട് മണിക്കൂർ സഞ്ചരിക്കേണ്ടി വരും ഇവിടെയെത്താൻ. എല്ലാ പ്രദേശത്ത് നിന്നും എളുപ്പത്തിൽ എത്താവുന്ന സ്ഥലത്ത് മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ സ്ഥലങ്ങൾ നിരവധി  ലഭ്യമായിട്ടും ഇത്തരമൊരു നീക്കം നടത്തുന്നതിന് പിന്നിൽ ദുരൂഹതയുണ്ട്. അത്യാസന്ന നിലയിലുള്ളവരുടെ ജീവനുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള നീണ്ട യാത്രക്കിടയിൽ റോഡിൽ പൊലിയുന്നതിനാലാണ് വയനാട്ടിൽ ഒരു മെഡിക്കൽ കോളേജ് എന്ന മുറവിളി ഉയർന്നത്.

മാറി മാറി വരുന്ന സർക്കാരുകൾക്കു മുന്നിൽ സമ്മർദ്ദം ശക്തമായതോടെ കഴിഞ്ഞ യു ഡി എഫ് സർക്കാരാണ് മെഡിക്കൽ കോളേജ് പ്രഖ്യാപിക്കുന്നത്.പിന്നീട് കൽപ്പറ്റയിലും പരിസര പ്രദേശങ്ങളിലും നിരവധി സ്ഥലങ്ങൾ നിർദ്ദേശിക്കപ്പെട്ടിരുന്നു. ഏറ്റവുമൊടുവിലാണ് ജില്ലയുടെ ഒരു മൂലയിൽ ‘ മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്.

വയനാട്ടുകാരെക്കാൾ കൂടുതൽ കണ്ണൂർ ജില്ലക്ക് ഉപകാരപ്രദമാകുന്ന രീതിയിലുള്ള പുതിയ നീക്കത്തിനെതിരെ കൽപ്പറ്റ,സുൽത്താൻ ബത്തേരി നിയോജക മണ്ഡലങ്ങളിൽ നിന്ന് വലിയ എതിർപ്പാണ് രൂപപ്പെടുന്നത്.ചെറു ടൗണുകൾ കേന്ദ്രീകരിച്ചു പോലും ഇതിനെതിരെയുള്ള ആക്ഷൻ കമ്മറ്റികൾ രൂപപ്പെട്ടു തുടങ്ങി. തീരുമാനം പുനപരിശോധിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെങ്കിൽ എല്ലാവരും യോജിച്ചുള്ള ശക്തമായ പ്രക്ഷോഭ പരിപാടികൾക്കുള്ള തീരുമാനത്തിലാണ് ആക്ഷൻ കമ്മറ്റികൾ. സ്ഥലത്തെച്ചൊല്ലിയുള്ള തർക്കത്തിൽ മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങാതിരിക്കരുതെന്നും അനുയോജ്യമായ ആസ്പത്രിയിൽ താൽക്കാലികമായി കോളേജ് ഉടൻ ആരംഭിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. അഡ്ഹോക് കമ്മറ്റിയെ പ്രതിനിധീകരിച്ച് ഭാരവാഹികളായ അഡ്വ.റ്റി എം റഷീദ്,റ്റിജി ചെറുതോട്ടിൽ,ജോണി പാറ്റാനി,പി വൈ മത്തായി, ഇ ഹൈദ്രു തുടങ്ങിയവർ ജില്ലാ കലക്ടർക്ക് വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകി.