വെങ്ങപ്പള്ളിയിൽ  ജനവാസ മേഖലയിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം പൊലീസ് ഇടപെട്ട് താത്കാലികമായി നിർത്തിവെച്ചു

കൽപ്പറ്റ..  വെങ്ങപ്പള്ളിയിൽ  ജനവാസ മേഖലയിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം പൊലീസ് ഇടപെട്ട് താത്കാലികമായി നിർത്തിവെച്ചു. ജന ജീവിതത്തിന് ഭീഷണിയാകുന്ന ക്വാറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ  പ്രധിഷേധത്തെ തുടർന്നാണ് പൊലീസ് ഇടപെട്ടത്.      വെങ്ങപ്പള്ളി പഞ്ചായത്തിലെ 13 ാം വാർഡായ പിണന്കോട് മൂരിക്കാപ്പിൽ ജനവാസ മേഖലയിൽ ആരംഭിച്ച കരിങ്കൽ ക്വാറിക്കെതിരെ പരിസരവാസികളായ സ്ത്രീകളുടെ നേതൃത്വത്തിലാണ് സമരമാരംഭിച്ചത്. ക്വാറിയുടെ പ്രവർത്തനം നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് വാഹനം തടയുകയായിരുന്നു. പ്രദേശത്തെ പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് വീട്ടമ്മമാർ തന്നെ പ്രതിഷേധവുമായെത്തിയത്.         കോളനിയിലെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത് . പൊലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. ക്വാറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കാനാവശ്യപ്പെട്ടശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞത് . കൽപറ്റ പൊലീസിൻറെ സാന്നിദ്ധ്യത്തിൽ വിശദമായ ചർച്ച നടത്താനും തീരുമാനിച്ചു.