വയനാട് ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷം: പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സല്യൂട്ട് സ്വീകരിക്കും

കോവിഡ് പശ്ചാത്തലത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന  റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക്  പൊതുജനങ്ങളെ് പ്രവേശിപ്പിക്കില്ല.   അറുപത്തിയഞ്ച് വയസില്‍  കൂടുതല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരെയും പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളെയും  ആഘോഷ പരിപാടികളില്‍ നിന്നും ഒഴിവാക്കി. .പരമാവധി 100 ക്ഷണിതാക്കളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശിപ്പിക്കും.  തെര്‍മല്‍ പരിശോധന നടത്തിയും മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പാക്കിയാണ് പ്രവേശനം അനുവദിക്കുക.  സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെയുളള ആഘോഷ പരിപാടികളും പരിമിതപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ പരേഡിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കില്ല.  രാവിലെ 8.40 മുതല്‍ നടക്കുന്ന ചടങ്ങില്‍ വിശിഷ്ടാതിഥിയായ തുറമുഖം- മ്യൂസിയം- പുരാവസ്തു  വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി  സല്യൂട്ട് സ്വീകരിക്കും. തുടര്‍ന്ന്  അദ്ദേഹം  റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. പോലീസ് സേനാ വിഭാഗത്തിന്റെ 3 പ്ലാറ്റൂണുകള്‍ പങ്കെടുക്കും. ചടങ്ങില്‍ എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍,ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള,ജില്ലാ പൊലീസ് മേധാവി ജി.പൂങ്കുഴലി, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.