ന്യൂഡൽഹി: 1966 ന് ശേഷം രാജ്യത്തിൻ്റെ റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യാതിഥിയില്ല. 2021 ലെ ആഘോഷ ചടങ്ങുകൾക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെയാണ് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. എന്നാൽ ജനിതകമാറ്റം വന്ന കോവിഡ് വകഭേദത്തിൻ്റെ ഭീക്ഷണിയെ തുടർന്ന് രാജ്യം വീണ്ടും അടച്ചിട്ടതിനെ തുടർന്ന് എത്താനാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയെ വിളിച്ചറിയിക്കുകയായിരുന്നു.
1966 ജനുവരി 11ന് പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി മരിച്ചതിനെ തുടർന്നാണ് മുമ്പ് ഇത്തരമൊരു സ്ഥിഥി വിശേഷമുണ്ടായത്. ഇന്ദിരാഗാന്ധി പകരക്കാരിയായി അധികാരമേറ്റതും റിപ്പബ്ലിക് ദിനത്തിന് തൊട്ടുമുമ്പ് ജനുവരി 24 നായിരുന്നു.
ഒരു രാഷ്ട്രതലവൻ പിൻമാറിയ ശേഷം മറ്റൊരു രാഷ്ട്രതലവനെ കോവിഡ് ലോകമെങ്ങും പടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ക്ഷണിക്കുന്നത് ശരിയാകില്ല എന്നാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്ന നിലപാട്. റിപ്പബ്ലിക് ദിനത്തിന് ഇനി അധിക ദിവസവും ഇല്ലാത്തതും പകരക്കാരനെ കണ്ടെത്തുന്നതിൽ തടസമാകും എന്നാണ് വിലയിരുത്തൽ. കോവിഡ് വ്യാപന ഭീക്ഷണിയുടെ സാഹചര്യത്തിൽ റിപ്പബ്ലിക് ദിന പരേഡിൻ്റെ സമയവും ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളുടേയും കാണികളുടെ എണ്ണവും സർക്കാർ കുറച്ചിട്ടുണ്ട്.