സുൽത്താൻ ബത്തേരിയിൽ എൽ ഡി എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി; പകരം ഡമ്മിയായ ഭാര്യ സ്ഥാനാർത്ഥി

സുൽത്താൻ ബത്തേരി: എൽഡിഎഫ് പ്രഖ്യാപിച്ച ഔദ്യോഗിക സ്ഥാനാർഥിയുടെ പത്രിക സൂഷ്മ പരിശോധയനിൽ തള്ളിയതോടെ സുൽത്താൻ ബത്തേരി നഗരസഭയിൽ ഡമ്മിയായ പത്രിക നൽകിയ സ്ഥാനാർഥിയുടെ ഭാര്യ സ്ഥാനാർഥിയായി. സുൽത്താൻ ബത്തേരി നഗരസഭയിലെ 35-ാം ഡിവിഷൻ കൈവട്ടാമൂലയിലെ ഇടതു സ്ഥാനാർത്ഥിയായ ഇല്ലത്ത് കോയയുടെ പത്രികയാണ് തള്ളിയത്. പകരം ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയ ഇല്ലത്ത് കോയയുടെ ഭാര്യ റഹ്‌മത്ത് കോയ ഇടതുപക്ഷത്തിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി. കോയയുടെ സ്ഥാനാർത്ഥിത്വം തള്ളിപോകാൻ കാരണമായത് ചെറുകിട കരാറുകാരനായ ഇയാൾക്ക് നിലവിൽ കരാറുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതയുള്ളതിനാൽ സൂഷ്മ പരിശോധനയിൽ നാമ നിർദേശ പത്രിക തള്ളുകയായിരുന്നു.
ഡമ്മി സ്ഥാനാർത്ഥിയായ കോയയുടെ ഭാര്യ റഹ്‌മത്ത് കോയ മുൻ ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്നു. കൈവട്ടാമൂലയിൽനിന്നുതന്നെയാണ് ഇവർ നേരത്തെ വിജയിച്ചതും. സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റായിരുന്ന നഫീസ അഹമ്മദ് കോയയെയാണ് ഇവർ അന്ന് പരാജയപ്പെടുത്തിയത്.
നഗരസഭയുടെ ചെറിയ പ്രവർത്തികൾ കരാറ് എടുത്തുവരികയായിരുന്നു കോയ. ഇതിന്റെ ബില്ലുകൾ മാറാനും വർക്ക് പൂർത്തീകരിക്കാനുമുണ്ട്. കൊവിഡിന്റെ വ്യാപനത്തോടെ വർക്ക് പൂർത്തീകരിക്കാനും ബില്ല് മാറികിട്ടാനും കാലതാമസം നേരിട്ടു. ഇതാണ് കോയക്ക് വില്ലനായി മാറിയത്.