സുൽത്താൻ ബത്തേരി : ബജറ്റിൽ ഉൾപ്പെടുത്തിയ സുൽത്താൻ ബത്തേരി സർക്കാർ ആർട്‌സ് ആന്റ് സയൻസ്‌കോളേജ് ഉടൻ തുടങ്ങുന്നതിനുള്ള അനുമതി ഉന്നത വിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി നൽകണമെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോളേജ് ഉടൻ ആരംഭിക്കുന്നതിന് വേണ്ടി ഡെപ്യുട്ടി ഡയറക്ടറുടെ ശുപാർശയിൽ താൽക്കാലികമായി തുടങ്ങുന്നതിനുള്ള ഭൗതിക സാഹചര്യം ഏർപ്പെടുത്തുകവരെ ചെയ്തിട്ടും, എം.എൽ.എ കോളേജ് തുടങ്ങാൻ ഒന്നും ചെയ്തില്ല എന്ന് പറയുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള കുപ്രചരണം മാത്രമാണ്. ബത്തേരിയിൽ ഒരു പുതിയ ഗവൺമെന്റ് കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കോളേജ് വിദ്യാഭ്യസ ഡയറക്ടർ ആവശ്യപ്പെട്ട സഹചര്യത്തിൽ പുതിയ കോളേജിന് താൽക്കാലികമായി ക്ലാസുകൾ ആരംഭിക്കുന്നതിനും സ്ഥലം കണ്ടെത്തുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
താൽക്കാലികമായി ക്ലാസ് ആരംഭിക്കുന്നതിന് വേണ്ടി മൂന്ന് സെന്ററുകൾ കണ്ടെത്തുകയും ,കോളേജിന് ആവശ്യമായ സ്ഥലം കണ്ടെത്തി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. നിലവിൽ ജില്ലയിൽ ഇല്ലാത്ത കോഴ്‌സുകളടക്കം ആറ് കോഴ്‌സുകൾ തുടങ്ങുന്നതിന് വേണ്ട നടപടിയും സ്വീകരിച്ചു. ഇതിനായി തഹസിൽദാറെ ചുമതലപ്പെടുത്തുകയും ചെയ്തു.2020-ൽ തന്നെ കോളേജ് തുടങ്ങുന്നതിന് വേണ്ട എല്ലാ പ്രവർത്തനങ്ങളും നടത്തിയെങ്കിലും ബന്ധപ്പെട്ട വകുപ്പ് അനുമതി നൽകിയില്ല.
2020-ൽ തന്നെ കോളേജ് തുടങ്ങുവാനുള്ള കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറുടെ ശുപാർശ നിലനിൽക്കെ ബന്ധപ്പെട്ട വിഷയം പലതവണ വകുപ്പ് മന്ത്രിയുടെയും ഡയറക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുമതി ലഭിച്ചില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ഉള്ള നിയോജക മണ്ഡലം കൂടിയാണ് ബത്തേരി .കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗവൺമെന്റ് കോളേജ് തുടങ്ങുവാനുള്ള അനുമതി നൽകി അഡ്മിഷൻ ആരംഭിക്കുവാനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പ് സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
The Best Online Portal in Malayalam