മീനങ്ങാടി കുമ്പളേരി സ്വദേശി നെല്ലിക്കൽ വീട്ടിൽ മത്തായി (71) ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കിഡ്നി രോഗിയായ ഇദ്ദേഹം ഡയാലിസിസിന് പോയപ്പോൾ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് ഒക്ടോബർ 12ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ന്യൂമോണിയ ബാധയെ തുടർന്ന് ഒക്ടോബർ ആറിന് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിക്കുകയും അന്നുതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു. പത്തിന് മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ചു വന്ന മത്തായി ശ്വാസതടസ്സത്തെ തുടർന്ന് 12 മുതൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. രക്താതിമർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ കൂടി ഉണ്ടായിരുന്നു. 15 മുതൽ ആരോഗ്യസ്ഥിതി മോശമാവുകയും ഇന്ന് മൂന്നു മണിക്ക് മരണപ്പെടുകയും ചെയ്തു. പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി ഫൗസിയ (28) ആണ് മരിച്ച മറ്റൊരാൾ. പനി, ചുമ, ശ്വാസതടസ്സം എന്നീ അസ്വസ്ഥതകളുമായി 16ന് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കോവിഡ് ആൻറിജൻ പരിശോധന നെഗറ്റീവ് ആയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും രോഗം ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നു മണിയോടെ മരണപ്പെട്ട ഫൗസിയയുടെ മൃതദേഹം ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ ഇന്ന് രാവിലെ മറവ് ചെയ്തതിനു ശേഷം വന്ന ട്രൂ നാറ്റ് പരിശോധനാഫലം പോസിറ്റീവ് ആവുകയായിരുന്നു. മരണവീട്ടിൽ സന്ദർശനം നടത്തിയവരെയും മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരെയും നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. പൊതുജനങ്ങൾ പൂർണ്ണ ജാഗ്രത പാലിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടിവരുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക പറഞ്ഞു. ഏതെങ്കിലും രോഗത്തിന് ചികിത്സയിലിരിക്കെ മരിക്കുന്നവരിലും ആത്മഹത്യ ചെയ്യുന്നവരിൽ പോലും നടത്തുന്ന കോവിഡ് ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വയോജനങ്ങളും കുട്ടികളും ഗർഭിണികളും അത്യാവശ്യത്തിനല്ലാതെ പുറത്തു പോകരുത്. പുറത്ത് പോകേണ്ട സാഹചര്യം ഉണ്ടായാൽ മറ്റുള്ളവരിൽ നിന്ന് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കുക, ശരിയായ രീതിയിൽ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകുക അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. ജോലി ആവശ്യത്തിനും മറ്റും പുറത്ത് പോകുന്ന യുവാക്കൾ ഉൾപ്പെടെയുള്ളവർ തിരിച്ച് വീട്ടിലെത്തുമ്പോൾ ദേഹശുദ്ധി വരുത്തുന്നത് കൊവിഡ് തടയാൻ സഹായകരമാണ്. ഡി എം ഒ പറഞ്ഞു.