മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയെ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ജയലക്ഷ്മി നിയമസഭയിലേക്ക് മത്സരിക്കുന്നത്. വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിലെ കാട്ടിമൂല പാലോട്ട് തറവാട്ടിലെ കുഞ്ഞാമൻ – അമ്മിണി ദമ്പതികളുടെ മകളണ്.
1980 ഒക്ടോബർ 3-നാണ് ജനനം. കാട്ടി മൂല സെൻ്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂൾ ,സർവ്വോദയ സ്കൂൾ എന്നിവിങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസവും തലപ്പുഴ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനവും കഴിഞ്ഞ് മാനന്തവാടി ഗവ: കോളേജിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദ പഠനം പൂർത്തിയാക്കി. പിന്നീട് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ കോഴ്സും പൂർത്തീകരിച്ചു. മാനന്തവാടി ഗവ: കോളേജിൽ ബിരുദ പഠന സമയത്ത് കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 2000- ൽ – സ്വന്തം വീടിനടുത്ത് 21 പട്ടികവർഗ്ഗ സ്ത്രീകളെ ഒരുമിച്ച് കൂട്ടി കുടുംബശ്രീ യൂണിറ്റ് രൂപീകരിച്ച് സാമൂഹ്യ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. 2005- ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് 16-ാം വാർഡിൽ നിന്ന് ഗ്രാമപഞ്ചായത്തംഗമായി. ഇക്കാലയളവിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതിന് ദേശീയ അംഗീകാരം ലഭിച്ചു. 2010-ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും ഗ്രാമ പഞ്ചായത്തംഗമായി. യൂത്ത് കോൺഗ്രസ് വയനാട് പാർലമെൻ്റ് മണ്ഡലം സെക്രട്ടറിയായിരിക്കെ 2011-ൽ രാഹുൽ ഗാന്ധിയുടെ ടാലൻ്റ് ഹണ്ടിലൂടെയാണ് നിയമസഭാ സ്ഥാനാർത്ഥിയായി. പട്ടികവർഗ്ഗ സംവരണ മണ്ഡലമായ മാനന്തവാടി നിയോജക മണ്ഡലത്തിൽ നിന്ന് 12734 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് 13-ാം കേരള നിയമ സഭാംഗമായി. 2011 – മെയ് 23-ന് പട്ടികവർഗ്ഗ സമുഹത്തിൽ നിന്ന് തെക്കേ ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രിയെന്ന ചരിത്രം കുറിച്ച് ഉമ്മൻചാണ്ടി മന്ത്രി സഭയിൽ പട്ടികവർഗ്ഗ ക്ഷേമ – യുവജനകാര്യ – മ്യൂസിയം മൃഗശാല മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിയായിരിക്കെ 2015-മെയ് 10-ന് കമ്പളക്കാട് ചെറുവടി തറവാട്ടിലെ അനിൽകുമാറിനെ വിവാഹം കഴിച്ചു. ഏക മകൾ മൂന്ന് വയസ്സുകാരി ആരാധ്യ. മന്ത്രിയായിരിക്കെ പട്ടികവർഗ്ഗ ക്ഷേമ വകുപ്പിൽ മുപ്പതിലധികം പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി. അഞ്ച് വർഷം കൊണ്ട് മാനന്തവാടി നിയോജക മണ്ഡലത്തിൽ സർവ്വകല റെക്കോർഡായി 800- കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജയലക്ഷ്മിയുടെ കാലത്ത് ആരംഭിച്ചതും അനുമതി കിട്ടിയതുമായ പല പദ്ധതികളും ഇനിയും പൂർത്തീകരിക്കാനുണ്ട്.
2016ൽ നടന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ തന്നെ ഒരു വിഭാഗം പ്രവർത്തകരുടെ എതിർ പ്രചരണങ്ങളുടെ ഭാഗമായി 1304 വോട്ടിന് പരാജയപ്പെട്ടു. മാസം തികയാതെയുള്ള മകളുടെ ജനനവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കാരണം നാല് മാസത്തോളം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും അഞ്ച് മാസത്തോളം വീട്ടിലും വിശ്രമത്തിലായിരുന്നു. തുടർന്ന് രാഷ്ട്രീയത്തിൽ വീണ്ടും സജീവമായതോടെ എ.ഐ. സി.സി. അംഗമായി. 2020-ൽ കെ.പി. സി.സി. ജനറൽ സെക്രട്ടറിയുമായി. രാഹുൽ ഗാന്ധിയുടെയും യു.ഡി.എഫ്.- കോൺഗ്രസ് നേതൃത്വത്തിൻ്റെയും പ്രോത്സാഹനവും കരുതലും ഉണ്ടായിരുന്നതിനാൽ ഈ തിരഞ്ഞെടുപ്പിലും ജയലക്ഷ്മി തന്നെയായിരിക്കും സ്ഥാനാർത്ഥിയെന്ന് നേരത്തെ തന്നെ പ്രചരണം ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും ഗൃഹസന്ദർശനവും കുടുംബയോഗങ്ങളും ഉൾപ്പടെയുള്ള കാര്യങ്ങൾക്കാണ് ജയലക്ഷ്മി പ്രാധാന്യം നൽകിയത്. വിജയം മാത്രമല്ല ആദ്യ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം ഇത്തവണ മറികടക്കുകയെന്നതാണ് ലക്ഷ്യമെന്നാണ് മാനന്തവാടിയിലെ പാർട്ടി പ്രവർത്തകർ പറയുന്നത്. വിമത സ്വരങ്ങൾക്ക് മുഴുവൻ തടയിടാനായെന്നാണ് നേതൃത്വത്തിൻ്റെ അവകാശ വാദം.