സുൽത്താൻ ബത്തേരി:വീടുകൾതോറും കയറി ഇൻസ്റ്റാൾമെൻറ് വ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ എത്തിച്ച് നൽകാമെന്ന വ്യാജേനെ പണം കവരുന്ന പുതിയ തട്ടിപ്പ് ജില്ലയിൽ വ്യാപകം.കോവിഡ് പ്രതിസന്ധി മുൻനിർത്തിയാണ് ഇത്തരക്കാരുടെ രംഗപ്രവേശനം. ഓൺലൈൻ ക്ലാസിന് കയറാൻ മൊബൈൽ ഫോൺ ഇല്ലാതെ വലയുന്ന നിർധന വിദ്യാർത്ഥികളെയും, വീട്ടമ്മമാരെയും കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്.
ഫ്ലിപ്കാർട്ട് അടക്കമുള്ള ഓൺലൈൻ വിപണന സൈറ്റുകളിൽ നിന്നും മുൻകൂട്ടി എടുത്തുവച്ച ചിത്രങ്ങൾ കാണിച്ച് നാളെ ഡെലിവറി ചെയ്യുമെന്ന വ്യാജേനെ വീടുകളിൽ കയറും.തുടർന്ന് നമ്മൾ തിരഞ്ഞെടുത്ത ഉപകരണങ്ങളുടെ വില പറഞ്ഞ് 10 ശതമാനം തുക ആദ്യം കൈക്കലാക്കും. ബാക്കി തവണ വ്യവസ്ഥയിൽ അടച്ചു തീർത്താൽ മതിയെന്നതാണ് നിബന്ധന. ആധാർ കാർഡോ,മറ്റ് തിരിച്ചറിയൽ രേഖകളോ ആവശ്യപ്പെടുന്ന ഇവർ ഈ രേഖകൾ തുടർ തട്ടിപ്പിനായി ഉപയോഗിക്കും.നാളെ സാധനവും കൊണ്ടുവരാമെന്ന് പറഞ്ഞു പോകുന്ന ആളെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടാൽ അസഭ്യവർഷമായിരിക്കും പിന്നീട് ഉണ്ടാവുന്നത്.രാത്രിസമയങ്ങളിൽ സ്ത്രീകളുടെ ഫോണിൽ വീഡിയോ കോൾ ചെയ്യുന്നതും നിരന്തരം വിളിച്ച് ശല്യപ്പെടുത്തുന്നതും പതിവാണ്.സമാനമായ തട്ടിപ്പ് മുൻപും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.