പൂതാടി മഹാ ശിവക്ഷേത്രത്തിൽ മോഷണശ്രമം നാല് പേർ പിടിയിൽ

കേണിച്ചിറ: പൂതാടി മഹാശിവക്ഷേത്രത്തിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ നാല് പേർ പോലീസ് പിടിയിലായി. കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ മുഹമ്മദ് ഷിനാഫ് (20) കോഴിക്കോട് കുന്നമംഗലം കാഞ്ഞിരത്തിങ്കൽ ശരത് (23) കോഴിക്കോട് ചെറുവണ്ണുർ മേക്കയിൽ വീട്ടിൽ അക്ഷയ് (21) പൊഴുതന കാരാട്ട് വീട്ടിൽ ജംഷീർ അലി (35) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് മോഷണ ശ്രമം നടന്നത്. ക്രിമിനൽ കേസിലും ലഹരിമരുന്ന് കേസിലും പ്രതികളാണ് നാല്‌പേരും .

ഇന്നലെ പുലർച്ചെ ക്ഷേത്രത്തിലെത്തിയ പ്രതികൾ ക്ഷേത്രത്തിന്റെ ചുറ്റുമതിൽ ചാടി കടന്നാണ് ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിച്ചത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ കടന്ന് മോഷണം നടത്താനുള്ള ശ്രമത്തിനിടെ ശബ്ദം കേട്ട് സമീപത്ത് താമസിക്കുന്ന ശാന്തിക്കാരൻ വിവരം സമീപവാസികളെയും പോലീസിനെയും അറിയിക്കുകയായിരുന്നു. മോഷ്ട്ടാക്കൾ അമ്പലത്തിനുള്ളിൽ കടന്ന വിവരമറിഞ്ഞ നാട്ടുകാർ ചുറ്റമ്പലത്തിന്റെയും മതിലിന്റെയും ഗെയിറ്റ് പൂ്ട്ടി കാവൽ നിന്നെങ്കിലും പ്രതികളിൽ മൂന്നു പേർ ഓടിരക്ഷപ്പെട്ടു.പോലീസും നാട്ടുകാരും ചേർന്ന് ക്ഷേത്രത്തിനകത്ത് നിന്ന് ഒരാളെ പിടികൂടി. ഇയാളുടെ ഫോണിൽ നിന്നും മറ്റ് പ്രതികളെയും പോലീസ് ഇയാളെകൊണ്ട് തന്നെ വിളിപ്പിച്ച് ലോക്കേഷൻ മനസിലാക്കിയാണ് പ്രതികളെ പിടികൂടിയത്. ഒരാളെ ചീങ്ങോട് വെച്ച് രവിലെ തന്നെയും മറ്റ് രണ്ട് പേർ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വൈത്തിരിയിൽ വെച്ചുമാണ് പിടികൂടിയത്.
വിവിധ കേസുകളിലെ പ്രതികളായ ഇവർ നാല് പേരും മോഷണം നടത്തുന്നതിനായി പദ്ധതിയിട്ട് രണ്ട് ദിവസം മുമ്പ് ക്ഷേത്ര പരിസരം വീക്ഷിക്കുന്നതിനായി എത്തിയിരുന്നു. അപരിചിതരായ ഇവരെ അളുകൾ ശ്രദ്ധിക്കുന്നുണ്ട് കണ്ടതോടെ ക്ഷേത്രത്തിൽ കയറി അമ്പലത്തിന് ചുറ്റും പ്രദക്ഷിണം വെക്കുകയും ഇവർ വ ബൈക്ക് പൂജ നടത്തുകയും ചെയ്തു. ക്ഷേത്രവും പരിസരവും വീക്ഷിച്ച ശേഷമാണ് ഇവർ സ്ഥലം വിട്ടത്. ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നടത്തിയത് ഈ അടുത്തിടെയാണ്. ഇത് മനസിലാക്കിയാണ് സംഘം മോഷണത്തിനായി ഇവിടെ തിരഞ്ഞെടുത്തത്. മോഷണം നടന്ന് മണിക്കൂറുകൾക്കകം പോലിസിന് മുഴുവൻ പ്രതികളെയും പിടികൂടാനായി. കേണിച്ചിറ എസ്.ഐ. വി.ആർ.അരുൺ, സീനിയർ സി.പി.ഒ മാരായ ബാലൻ, ജിൻസ് എന്നിവർ ചേർന്നാണ് പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.