പൊതുവിദ്യാലയങ്ങളിൽ 5 ലക്ഷം വിദ്യാർത്ഥികളുടെ വർധനവാണ് ഉണ്ടായതന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 46 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളിൽ മുൻപെങ്ങുമില്ലാത്ത വിധം മാറ്റങ്ങൾ കൊണ്ട് വന്നു. എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്ന മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി. വിദ്യാഭ്യാസ മേഖലയിൽ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. പൊതുവിദ്യാലയങ്ങളിൽ കെട്ടിടങ്ങൾ, ക്ലാസ് മുറികൾ, ലാബ്, ഇരിപ്പിടങ്ങൾ, ശുചിമുറി എന്നിവ ആധുനിക രീതിയിൽ ഒരുക്കി. സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു .
ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി ഡോ തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ, ജില്ലയിലെ എംഎൽഎമാരായ കെ വി അബ്ദുൾഖാദർ, മുരളി പെരുനെല്ലി, യു ആർ പ്രദീപ്, ബി ഡി ദേവസ്സി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാൻ , പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ മുഹമ്മദ് സിദ്ദിഖ്, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു .