തിരുവനന്തപുരം: 16.48 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ 2024 ഓടെ കുടിവെള്ള കണക്ഷൻ നൽകാനായി സർക്കാർ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗാർഹിക കണക്ഷനുകൾ നൽകുന്ന പദ്ധതിക്ക് പുറമേ, 4351 കോടി രൂപയുടെ 69 കുടിവെള്ള പദ്ധതികൾ കിഫ്ബിയിലൂടെയും സംസ്ഥാനത്ത് യാഥാർഥ്യമായി വരികയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
716 പഞ്ചായത്തുകളിൽ 4343 കോടിയുടെ പദ്ധതികൾക്കാണ് ജലജീവൻ മിഷനിലൂടെ ഭരണാനുമതി നൽകിയിട്ടുള്ളത്. 564 പദ്ധതികളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. നിലവിലുള്ള ശുദ്ധജല പദ്ധതിയുടെ ശേഷി വർധിപ്പിച്ചും, ചില പദ്ധതികൾ ദീർഘിപ്പിച്ചും, ചിലതിന്റെ സ്രോതസ് ശക്തിപ്പെടുത്തിയുമാണ് ഗാർഹിക കണക്ഷനുകൾ നൽകുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടം 586 വില്ലേജുകളിൽ 380 പഞ്ചായത്തുകളിലും, 23 ബ്ളോക്ക് പഞ്ചായത്തുകളിലും മുഴുവൻ വീടുകളിലും കണക്ഷൻ നൽകാനാണ് ഉദ്ദേശിക്കുന്നത്.