കല്‍പറ്റ-വയനാട്ടിലെ അമ്പുകുത്തി മലനിരകളിലുള്ള എടക്കല്‍ ഗുഹയുടെ അവസ്ഥയെക്കുറിച്ചുള്ള പഠനം സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിച്ചു നാലുമാസം കഴിഞ്ഞിട്ടും തുടങ്ങിയില്ല. പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു സംബന്ധിച്ചു വിദഗ്ധ സമിതി അംഗങ്ങള്‍ക്കു ഇതേവരെ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചില്ലെന്നാണ് അറിയുന്നത്. വിദഗ്ധ സമിതി രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവായിട്ടും പഠനം വൈകുന്നതില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ചരിത്ര തത്പരര്‍ക്കുമിടയില്‍ അമര്‍ഷം നുരയുകയാണ്. പഠനം ആരംഭിക്കുന്നതില്‍ വിദഗ്ധ സമിതിക്കു നിര്‍ദേശം നല്‍കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതു ദൗര്‍ഭാഗ്യകരമാണെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍ പറഞ്ഞു. പുരാവസ്തു, ചരിത്രം, ഭൂഗര്‍ഭശാസ്ത്രം, സംരക്ഷണം, റോക്ക് മെക്കാനിക്‌സ് എന്നീ മേഖലകളിലെ വിദഗ്ധരടങ്ങുന്ന സമിതി എടക്കല്‍ ഗുഹയുടെ ഇപ്പോഴത്തെ സ്ഥിതി വിശദമായി പഠിക്കേണ്ടതു അനിവാര്യതയാണെന്ന പുരാവസ്തു വകുപ്പ് ഡയറക്ടറുടെ ശിപാര്‍ശ കണക്കിലെടുത്താണ് സെന്റര്‍ ഫോര്‍ ഹെരിറ്റേജ് സ്റ്റഡീസ് ഡയറക്ടര്‍ ജനറല്‍ ഡോ.എം.ആര്‍. രാഘവവാര്യര്‍ ചെയര്‍മാനായി സര്‍ക്കാര്‍ ഒമ്പതംഗ വിദഗ്ധ സമിതി രൂപീകരിച്ചത്. സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ കണ്‍വീനറും കണ്‍സര്‍വേഷന്‍ ഓഫീസര്‍ ജോയിന്റ് കണ്‍വീനറുമായ സമിതിയില്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് റിട്ട.ശാസ്ത്രജ്ഞന്‍ ഡോ.ജി. ശേഖര്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് എക്‌സിക്യു്ട്ടീവ് വൈസ് പ്രസിഡന്റ് പ്രഫ.കെ.പി. സുധീര്‍, തഞ്ചാവൂര്‍ തമിഴ്‌നാട് യൂനിവേഴ്‌സിറ്റി ആര്‍ക്കിയോളജി ആന്‍ഡ് മാരിടൈം ഹിസ്റ്ററി വിഭാഗം അസോസിയേറ്റ് പ്രൊഫ.ഡോ.വി. ശെല്‍വകുമാര്‍, ചെന്നൈ ഐ.ഐ.ടി സിവില്‍ എന്‍ജിനിയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫ.ഡോ.വിദ്യാഭൂഷണ്‍ മാജി, മൈസൂരു റീജിയണല്‍ കണ്‍സര്‍വേഷന്‍ ലാബോറട്ടറിയിലെ സീനിയര്‍ കണ്‍സര്‍വേറ്റര്‍ നിധിന്‍കുമാര്‍ മൗര്യ, സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മെംബര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ അംഗങ്ങളാണ്. രണ്ട് കൂറ്റന്‍ പാറകള്‍ക്കു മുകളില്‍ മറ്റൊരു പാറ അമര്‍ന്ന് രൂപപ്പെട്ടതാണ് എടക്കല്‍ ഗുഹ. 1894ല്‍ മലബാര്‍ പോലീസ് സൂപ്രണ്ടും നരവശശാസ്ത്രത്തില്‍ തത്പരനുമായിരുന്ന ഫോസറ്റാണ് ഗുഹയെയും അതിന്റെ ചരിത്ര പ്രാധാന്യത്തെയും സംബന്ധിച്ച വിവരം ആദ്യമായി പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത്. ഗുഹയിലെ ശിലാഭിത്തികളില്‍ ആള്‍രൂപങ്ങള്‍, മൃഗരൂപങ്ങള്‍ എന്നിവയ്ക്കു പുറമേ ചക്രങ്ങള്‍, വണ്ടികള്‍ എന്നിവയുടെ ചിത്രങ്ങളും കോറിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബ്രാഹ്മി ലഖിതങ്ങളുള്ളതും എടക്കലിലെ ശിലാഭിത്തികളിലാണ്. ബി.സി 4000നും എ.ഡി പതിനൊന്നിനും ഇടയില്‍ പലപ്പോഴായി രചിക്കപ്പെട്ടതാണ് ഇവയെന്നാണ് ചരിത്രകാരന്‍ാരുടെ പക്ഷം. 1984ലാണ് എടക്കല്‍ ഗുഹയും അതുള്‍പ്പെടുന്ന 50 സെന്റ് സ്ഥലവും സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കൈവശത്തിലെത്തിയത്. എടക്കലിനു ലോക പൈതൃക പദവി നേടിയെടുക്കുന്നതിനു 2010ല്‍ സംസ്ഥാന പുരാവസ്തു വകപ്പ് തുടങ്ങിവച്ച നീക്കങ്ങളും എങ്ങുമെത്തിയില്ല. സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ ഗുഹയുടെയും രചനകളുടെയും ശാസ്ത്രീയ സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സംസ്‌കാരിക വകുപ്പിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എങ്കിലും യുനസ്‌കോയില്‍ ശക്തമായി ഇടപെടുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ ശുഷ്‌കാന്തി കാട്ടിയില്ല. ഗുഹയുടെയും രചനകളുടെയും ചരിത്ര-സാംസ്‌കാരിക പ്രാധാന്യം യുനസ്‌കോയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 2011ല്‍ രണ്ട് ദേശീയ സെമിനാറുകള്‍ ബത്തേരിയില്‍ നടത്തിയിരുന്നു. പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനുള്ള യുനസ്‌കോയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് 2012ല്‍ ഷെല്‍ട്ടറിലേക്ക് 110 മീറ്റര്‍ നീളവും ശരാശരി ഒരു മീറ്റര്‍ വീതിയും 300 പടികളുമുള്ള സ്റ്റീല്‍ നടപ്പാത നിര്‍മിച്ചത്. അമ്പുകുത്തിമലയിലെ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളും വിനോദസഞ്ചാരവും എടക്കല്‍ ഗുഹയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുകയാണ്. ഇക്കാര്യം വയനാട് പ്രകൃതി സംരക്ഷണ സമിതി വര്‍ഷങ്ങള്‍ മുമ്പു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഗുഹയോടു ചേര്‍ന്നുണ്ടായിരുന്ന ഹെക്ടര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെട്ടു. കഴിഞ്ഞ മഴക്കാലത്തു അമ്പുകുത്തിമലമുകളില്‍ ഗുഹയുടെ എതിര്‍വശത്തുള്ള ചരിവില്‍ ഭൂമി പിളരുകയും അടര്‍ന്നുമാറുകയും ചെയ്തിരുന്നു. എടക്കല്‍ ഗുഹയുടെ ശാസ്ത്രീയ സംരക്ഷണത്തിനു പരിസ്ഥിതി പ്രവര്‍ത്തകരും ചരിത്രകാരന്‍മാരും അധികാരകേന്ദ്രങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് സര്‍ക്കാര്‍ പഠനത്തിനു വിദഗ്ധ സമിതി രൂപീകരിച്ചു ഉത്തരവിറക്കിയത്.