അനധികൃത പിഴ ഈടാക്കി; ട്രാഫിക് സിഐയും ജനപ്രതിനിധികളും തമ്മിൽ തർക്കം

എറണാകുളത്ത് പൊലീസിനെ ചോദ്യം ചെയ്ത് ജനപ്രതിനിധികൾ. കളമശ്ശേരിയിലാണ് ട്രാഫിക് സി ഐയും ജനപ്രതിനിധികളും തമ്മിൽ തർക്കമുണ്ടായത്. അനധികൃത പിഴ ഈടാക്കിയ ട്രാഫിക് സി ഐ യുടെ നടപടി കൗൺസിലേഴ്സ് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം. പോലീസ് ഉദ്യോഗസ്ഥർ അധിക്ഷേപിച്ചെന്നു കൗൺസിലർമാർ.

ട്രാഫിക് പൊലീസ് അനധികൃതമായി പിഴ ഈടാക്കുന്നുവെന്ന് എച്ച്എംടിയിലെ വ്യാപാരികളും പരാതി ഉന്നയിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനാണ് കൗണ്‍സിലര്‍മാര്‍ ട്രാഫിക് സിഐയുടെ അടുത്തെത്തിയത്. എന്നാല്‍ ഇരു കൂട്ടരും തമ്മിലും വാക്ക് തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു. കളമശ്ശേരിയിലെ വണ്‍വേ പാര്‍ക്കിങ് സംവിധാനത്തോടനുബന്ധിച്ച് ട്രാഫിക് പൊലീസും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എച്ച്എംടിയിലെ വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.

യോഗത്തിന് ശേഷം വാഹനങ്ങള്‍ക്ക് അനധികൃതമായി പിഴകള്‍ ചുമത്തിയിരുന്നില്ല. എന്നാല്‍ പുതിയ ട്രാഫിക് സിഐ ചുമതലയേറ്റ ശേഷം വാഹനത്തില്‍ ഡ്രൈവര്‍ ഉള്ളവര്‍ക്ക് പോലും അനധികൃതമായി പിഴ ഈടാക്കുന്ന സാഹചര്യം ഉണ്ടായി. ഇതോടെയാണ് രണ്ട് കൗണ്‍സിലര്‍മാര്‍ ട്രാഫിക് സിഐയെ സമീപിച്ചത്. ഇതാണ് തർക്കത്തിൽ കലാശിച്ചത്.