വയനാട് ജില്ലയിലെ കോവിഡ് വ്യാപനം തടയുന്നതിനായി നടത്തുന്ന അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി കുടുംബശ്രീ പ്രവര്‍ത്തകരും. വീട്, ഓഫീസ്, കച്ചവട സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, നിരീക്ഷണ കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ അണു നശീകരണം ചെയ്ത് നല്‍കും. ഇതിനായി ജില്ലയില്‍ ഏഴ് സംഘങ്ങള്‍ക്കാണ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ വിദഗ്ധ പരിശീലനം നല്‍കിയത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരു ദിവസം ഒരു തവണ അണുനശീകരണം ചെയ്യുന്നതിന് ഒരു ചതുരശ്രയടിക്ക് 1.85 രൂപയാണ് നിരക്ക്. രണ്ടു തവണ ചെയ്യാന്‍ 2.45 രൂപയും ഈടാക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ ഒരു തവണ ഒരു ചതുരശ്രയടിയ്ക്ക് 2.25 രൂപയും രണ്ട് തവണയ്ക്ക് മൂന്ന് രൂപയുമാണ് നിരക്ക്. തീവ്ര ശുചീകരണത്തിനും അണുനാശിനി തളിക്കുന്നതിനും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരു ദിവസം ചതുരശ്രയടിക്ക് 2.95 രൂപയും സ്വകാര്യ സ്ഥാപനങ്ങളില്‍ 3.45 രൂപയുമാണ് നിരക്ക്. വാഹനങ്ങളില്‍ അണുനാശിനി തളിയ്ക്കുന്നതിന് കാര്‍ ജീപ്പ് (സര്‍ക്കാര്‍) 450 രൂപ, (സ്വകാര്യം) 550 രൂപ, വാന്‍ മിനി ബസ് (സര്‍ക്കാര്‍) 950 രൂപ, (സ്വകാര്യം) 1200 രൂപ, ബസ് ട്രക്ക് (സര്‍ക്കാര്‍) 1200 രൂപ, (സ്വകാര്യം) 1500 രൂപയുമാണ് നിരക്ക്.
വാഹനങ്ങള്‍ ശുചീകരിക്കുന്നതിനും അണുനാശിനി തളിക്കുന്നതിനും കാര്‍ ജീപ്പ് (സര്‍ക്കാര്‍) 650 രൂപ, (സ്വകാര്യം) 850 രൂപ, വാന്‍ മിനി ബസ് (സര്‍ക്കാര്‍) 1200 രൂപ, (സ്വകാര്യം) 1600 രൂപ, ബസ് ട്രക്ക് (സര്‍ക്കാര്‍) 1350 രൂപ, (സ്വകാര്യം) 2000 രൂപയുമാണ് ഈടാക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 206589, 8848478861.