കൊവിഡ്: കൊച്ചി മെട്രോ യാത്രാ നിരക്കുകള്‍ കുറച്ചു

കൊച്ചി: ഈ മാസം ഏഴു മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്ന കൊച്ചി മെട്രോയുടെ യാത്ര നിരക്കുകള്‍ കെഎംആര്‍എല്‍ കുറച്ചു. നിലവില്‍ ഏറ്റവും കൂടിയ നിരക്ക് 60 രൂപയായിരുന്നത് 50 രൂപയാക്കി കുറച്ചു. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇതില്‍ പത്ത് ശതമാനം കൂടി ഇളവ് ലഭിക്കും. നിരക്ക് സ്ലാബുകള്‍ നാലാക്കിയും കുറച്ചു. 10,20, 30, 50 ടിക്കറ്റ് നിരക്ക് സ്ലാബുകളാണ് ഇനിയുണ്ടാവുക. 20 രൂപക്ക് അഞ്ചു സ്റ്റേഷന്‍ വരെയും 30 രൂപക്ക് 12 സ്റ്റേഷന്‍ വരെയും യാത്ര ചെയ്യാം. 12 സ്റ്റേഷനുകള്‍ക്കപ്പുറമുള്ള യാത്രക്ക് 50 രൂപയായിരിക്കും നിരക്ക്. മിനിമം ചാര്‍ജിലും യാത്രാ പരിധിയിലും മാറ്റമില്ല. വീക്ക്ഡേ, വീക്കെന്‍ഡ് പാസുകള്‍ക്കും ഇളവുണ്ട്.

125 രൂപയുണ്ടായിരുന്ന വീക്ക്ഡേ പാസിന് 15 രൂപ കുറച്ച് 110 രൂപയും 250 രൂപയായിരുന്ന വീക്കെന്‍ഡ് പാസിന് 30 രൂപ കുറച്ച് 220 രൂപയാക്കി. ലോക്ക്ഡൗണ്‍ സമയത്ത് കാലാവധി പൂര്‍ത്തിയായ കൊച്ചി വണ്‍ കാര്‍ഡുടമകള്‍ക്ക് അധിക ഫീസില്ലാതെ പുതിയ കാര്‍ഡുകള്‍ നല്‍കും. പഴയ കാര്‍ഡില്‍ തുക ബാലന്‍സുണ്ടെങ്കില്‍ ഇത് പിന്നീട് പുതിയ കാര്‍ഡിലേക്ക് കൈമാറ്റം ചെയ്യും. ഈ ആനുകൂല്യങ്ങള്‍ക്ക് പുറമെ സെപ്തംബര്‍ ഏഴു മുതല്‍ ഒക്ടോബര്‍ 22 വരെ പുതുതായി കൊച്ചി വണ്‍ കാര്‍ഡ് എടുക്കുന്നവര്‍ക്ക് ഇഷ്യൂ ഫീസായ 150 രൂപ ഇളവ് ലഭിക്കും.

വാര്‍ഷിക ഫീസും , ടോപ് അപ് ഫീസും അടയ്ക്കണം. നവംബര്‍ ഏഴുവരെയുള്ള ടോപ് അപുകള്‍ക്കാണ് ഫീസ് ഇളവ്. നിലവില്‍ 12 രൂപയാണ് ഓരോ ടോപ് അപിനും ഫീസ് ഈടാക്കുന്നത്. 200 രൂപയാണ് കുറഞ്ഞ ടോപ് അപ്. ഡിസംബര്‍ 30 വരെ തിരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകളില്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ അമ്പത് ശതമാനം ഇളവും കൊച്ചി വാര്‍ഡ് കാര്‍ഡ് ഉടമകള്‍ ലഭിക്കും. കൊവിഡിനെ തുടര്‍ന്ന് മാസങ്ങളായി നിര്‍ത്തി വച്ച മെട്രോ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ മാസം ഏഴു മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യാത്ര.