രാഹുലിനെയും പ്രിയങ്കയെയും യുപി പോലീസ് തടഞ്ഞു; ഒടുവിൽ ഹാത്രാസിലേക്ക് പോകാൻ അനുമതി

ഉത്തർപ്രദേശിലെ ഹാത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ കോൺഗ്രസ് സംഘത്തിന് അനുമതി. യുപി അതിർത്തിയായ നോയ്ഡയിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞ് നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ അഞ്ച് പേർക്ക് കുടുംബത്തെ കാണാനായി പോകാമെന്ന് യുപി പോലീസ് അനുമതി നൽകുകയായിരുന്നു

32 എംപിമാർക്കൊപ്പമാണ് രാഹുലും പ്രിയങ്കയും ഹാത്രാസിലേക്ക് പുറപ്പെട്ടത്. ശശി തരൂർ, കെ സി വേണുഗോപാൽ തുടങ്ങിയവരും ഇവർക്കൊപ്പമുണ്ടായിരുന്നു. അതിർത്തിയിൽ നേതാക്കളെ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷമുടലെടുത്തു. പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡുകൾ എടുത്തുമാറ്റി. പിന്നാലെയാണ് പോലീസ് വിട്ടുവീഴ്ചക്ക് തയ്യാറായത്.

നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് ഇന്ന് രാഹുലിനൊപ്പം പ്രദേശത്ത് തടിച്ചുകൂടിയത്. അഞ്ച് പേർക്ക് അതിർത്തി കടന്നു പോകാമെന്ന് പോലീസ് അറിയിച്ചു. അധിക നേരം ഹാത്രാസിൽ ചെലവഴിക്കരുത്, ജനങ്ങളെ അഭിസംബോധന ചെയ്യരുതെന്ന നിർദേശങ്ങളും പോലീസ് മുന്നോട്ടു വെച്ചു

 

തുടർന്ന് കോൺഗ്രസ് പ്രവർത്തകരോട് ശാന്തരാകാൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ആരും പ്രകോപിതരാകരുതെന്നും രാഹുൽ പറഞ്ഞു