കൽപ്പറ്റ – വാരാമ്പറ്റ റോഡ് നിർമ്മാണം ഡിസംബർ 31നകം പൂർത്തീകരിക്കുമെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ അറിയിച്ചു. സെപ്തംബർ ഏഴിന് കൽപ്പറ്റ മണ്ഡലത്തിലെ റോഡു പ്രവൃത്തികളുടെ അവലോകന യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും എം.എൽ.എ അറിയിച്ചു. റോഡ് പ്രവൃത്തി നടക്കുന്ന പല ഭാഗങ്ങളും കണ്ടൈൻമെന്റ് സോണായതിനാലും കാലവർഷം ആരംഭിച്ചതിനാലും മന്ദഗതിയിലായ പ്രവൃത്തി പുനരാരംഭിച്ചു.
കിഫ്ബിയിൽ ഉൾപ്പെടുത്തി 56.66 കോടി രൂപ മുടക്കി നിർമ്മിക്കുന്ന കൽപ്പറ്റ വരാമ്പറ്റ റോഡിന്റെ 45 ശതമാനം പ്രവൃത്തികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. കൽപ്പറ്റ മുതൽ പിണങ്ങോട് വരെയുള്ള 7 കി.മീ. റോഡ് കാലവർഷം ആരംഭിക്കും മുമ്പ് പൂർത്തിയാക്കി. നിർമ്മിക്കാനുള്ള 25 കലുങ്കുകളിൽ 22 എണ്ണത്തിൻ്റെ പ്രവൃത്തിയും പൂർത്തിയായി. 3000 മീറ്റർ ഡ്രൈനേജും 8775 മീറ്റർ സരക്ഷണ ഭിത്തിയും നിർമ്മിച്ചു. വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിന് 87 ലക്ഷം രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചിട്ടുണ്ട്.