കോവിഡ് രോഗം സ്ഥിരീകരിച്ച യുവതി സന്ദർശിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരിയിലെ ആറ് സ്ഥാപനങ്ങൾ അടപ്പിച്ചു

കോവിഡ് രോഗം സ്ഥിരീകരിച്ച യുവതി
സന്ദർശിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരിയിലെ ആറ് സ്ഥാപനങ്ങൾ അടപ്പിച്ചു. യുവതി ജോലി ചെയ്യുന്ന എസ് ബി അസോസിയേറ്റ്സ്, യെസ് ഭാരത് വസ്ത്രാലയം, ഒ എം സ്റ്റോർ, റോയൽ ബേക്കറി, ഡേമാർട്ട്, ഇൻസാഫ് (ഫഷ് മത്സ്യക്കട എന്നിവയാണ് അടപ്പിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പോകാനും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചീരാൽ എഫ് എച്ച് സിയിൽ ആൻ്റിജൻ ടെസ്റ്റിൽ കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ച പുത്തൻകുന്നുള്ള യുവതി സന്ദർശിച്ച സ്ഥാപനങ്ങളാണ് ആരോഗ്യ വകുപ്പ് നിർദ്ദേശത്തെ തുടർന്ന് അടച്ചത്. ഇക്കഴിഞ്ഞ 28, 29 തീയതികളിൽ യുവതി സന്ദർശിച്ച അഞ്ച് സ്ഥാപനങ്ങളും, യുവതി ജോലി ചെയ്യുന്ന നഗരസഭയ്ക്ക് സമീപമുള്ള എസ് ബി അസോസിയേറ്റ്സ് സ്ഥാപനവുമാണ് അടച്ചത്. യുവതിയോടൊപ്പം ജോലി ചെയതിരുന്നവർ നിരീക്ഷണത്തിലാണ്.
ഇക്കഴിഞ്ഞ 28ന് യുവതി വൈകിട്ട് അഞ്ച് മണിക്ക് ആറ് മണിക്കും ഇടയ്ക്കും ഡേമാർട്ട്, സമീപമുള്ള ബ്ലൂ ഓഷ്യൻ മത്സ്യ വിൽപ്പന കട എന്നിവടങ്ങൾ സന്ദർശിച്ചു. തൊട്ടടുത്ത ദിവസം 29ന് യുവതി യെസ് ഭാരത്, ചുങ്കം ഒ എം സ്റ്റോർ, റോയൽ ബേക്കറി എന്നിവടങ്ങളിലും സന്ദർശിച്ചു. രാവിലെ പതിനൊന്നേമുക്കാൽ മുതൽ ഉച്ചയ്ക്ക് ഒന്നേമുക്കാൽ വരെ ഏകദേശം രണ്ടു മണിക്കൂറോളമാണ് യുവതി യെസ് ഭാരത് ഷോപ്പിൽ ചെലവഴിച്ചത്. വൈകിട്ട് അഞ്ച് മണിക്കും ആറ് മണിക്കും ഇടയ്ക്കാണ് ചുങ്കം ഒ എം സ്റ്റോർ, റോയൽ ബേക്കറി എന്നീ സ്ഥാപനങ്ങളിലും സന്ദർശനം നടത്തിയത്. യുവതി സന്ദർശിച്ച സമയത്ത് സ്ഥാപനത്തിൽ ഉണ്ടായിരുന്ന ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനങ്ങൾ അണു നശീകരണം നടത്തി വ്യാഴാഴ്ച്ച നിരീക്ഷണത്തിലില്ലാത്ത ജീവനക്കാരെ വച്ച്തുറന്ന് പ്രവർത്തിക്കാൻ നിർദേശം നൽകിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേ സമയം യുവതി 29 ന് വൈകിട്ട് പുത്തൻകുന്നിൽ നിന്നും ബത്തേരിയിലേക്ക് യാത്ര ചെയ്ത ഓട്ടോറിക്ഷ ഏതാണന്ന് കണ്ടെത്താനായിട്ടില്ല. കൂടാതെ യുവതി ജോലി സ്ഥലത്തേക്ക് വന്നിരുന്നത് വിവിധ ബസ്സുകളിലായിരുന്നു. അതിനാൽ കഴിഞ്ഞ 22 മുതൽ ചീരാൽ ബത്തേരി റൂട്ടിൽ ബസ്സുകളിൽ യാത്ര ചെയ്തവർ ഏതെങ്കിലും തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണമെന്നും, രോഗിയുമായി ദ്വിതീയ കോണ്ടാക്ടിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലുമാണ് ആരോഗ്യ വകുപ്പ് പ്രവർത്തകർ എന്നും അധികൃതർ വ്യക്തമാക്കി.