Headlines

ഇറാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി; ഹോർമുസിലെ ഉപരോധം ചർച്ചയായെന്ന് സൂചന

 

ബിഷ്കെക്ക്∙ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയ്ക്കിടെയായിരുന്നു കൂടിക്കാഴ്ച. ഫെബ്രുവരിയിൽ ഇറാൻ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.ഹോർമുസിലെ ഉപരോധം നേതാക്കൾ ചർച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന. ചർച്ചയിലെ മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ‘ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ചർച്ച നടത്തി.’–എന്ന് ഇറാനിലെ ഇന്ത്യൻ എംബസി എക്സിൽ അറിയിച്ചു.യുഎസ് ആക്രമണത്തിനെതിരെ മറ്റ് രാജ്യങ്ങളുടെ പരമാവധി പിന്തുണ തേടുകയെന്ന ലക്ഷ്യവുമായാണ് പെസെഷ്കിയാൻ ഉച്ചകോടിക്ക് എത്തിയിട്ടുള്ളത്. ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ഏത് ആക്രമണത്തിനും മറുപടി നൽകാനുള്ള ശക്തിയും നിശ്ചയദാർഢ്യവും ഇറാനുണ്ടെന്ന് പെസെഷ്കിയാൻ പറഞ്ഞു. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുക എന്നതാണ് പെസെഷ്കിയാന്റെ നിലപാടെങ്കിലും ലാറക് ദ്വീപ് ആക്രമണത്തോടെ, പ്രകോപനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

 

അർമീനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിന്യാനുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, സാമ്പത്തികം, ഫാർമ, സയൻസ്, സാങ്കേതിക വിദ്യ, സാംസ്കാരികം, വിദ്യാഭ്യാസം മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് മോദിയും പഷിന്യാനും ചർച്ച നടത്തി.