വയനാട് തുരങ്ക പാതയ്ക്കെതിരെ മാവോയിസ്റ്റിന്റെ പേരിൽ പോസ്റ്റർ. കോഴിക്കോട് പുല്ലൂരാംപാറയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. പിണറായി പോലീസിന്റെ മാവോ വേട്ട അവസാനിപ്പിക്കണം എന്നും പോസ്റ്ററിൽ പറയുന്നുണ്ട്. സംഭവത്തിൽ പ്രദേശത്തെ സിസിടിവി പൊലീസ് പരിശോദിച്ചു. മാവോയോസ്റ്റ് കബനി ദളത്തിന്റെ പേരിൽ ആണ് പോസ്റ്റർ.
സംഭവത്തിൽ താമരശേരി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കൂടാതെ എസ്ഒജി വിവര ശേഖരണം തുടങ്ങി. പശ്ചിമഘട്ട പ്രദേശങ്ങളെ തകർക്കുന്ന തുരങ്കപാത നിർമാണം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റർ. വൈത്തിരിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പി ജലീലിന്റെ ഘാതകരെ ശിക്ഷിക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്. കീഴടങ്ങിയ മാവോയിസ്റ്റുകൾക്കായുള്‌ല പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്.
അതേസമയം വയനാട് തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കമാകും. വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും നീളം വരുന്ന (ആകെ 8.735 കിലോമീറ്റർ) കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിക്കുന്നത്.
പദ്ധതി പൂർത്തിയായാൽ കോഴിക്കോട്‌വയനാട് ഗതാഗതം സുഗമമാവും. യാത്രാസമയം കുറയുകയും വിനോദസഞ്ചാര-വ്യാപാര മേഖലകൾക്ക് വൻ ഉണർവ് ലഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.